പഴയങ്ങാടി: പിലാത്തറ-പഴയങ്ങാടി കെ.എസ്.ടി.പി റോഡിലെ എരിപുരം പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്തെ ട്രാഫിക്ക് സർക്കിൾ രാത്രിയാൽ കൂരിരുട്ടിലാണ്. രാത്രിയിൽ എത്തുന്ന ചരക്ക് വാഹനങ്ങൾ വഴിതെറ്റി പാപ്പിനിശ്ശേരി ഭാഗത്തേക്ക് പോകേണ്ടതിന് പകരം ഏഴോം റോഡിലേക്ക് പോകുന്നത് ഇവിടെ പതിവായിരിക്കുകയാണ്. സർക്കിളിൽ സ്ഥാപിച്ച നാല് സോളാർ വിളക്കുകൾ മിഴിയടച്ചതോടെയാണ് ഇവിടം ഇരുട്ടിലായത്.
ദിശാ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഡ്രൈവർമാർ കാണുന്ന വിധത്തിലല്ല സ്ഥാപിച്ചിട്ടുള്ളത്. റോഡിന്റെ ഇറക്കത്തിൽ സ്ഥാപിച്ച ദിശാ ബോർഡ് പെട്ടെന്ന് ഡ്രൈവർമാർക്ക് കാണുവാൻ പ്രയാസം. റോഡിന്റെ വീതി കൂട്ടുവാനായി ഒരു ഭാഗത്തുള്ള കെട്ടിടത്തിന്റെ റോഡിലേക്ക് കയറി നിൽക്കുന്ന ഭാഗം പൊളിച്ച് മാറ്റാൻ പഞ്ചായത്ത് നിർദ്ദേശിച്ചുവെങ്കിലും ഇത് നീക്കിയിട്ടില്ല. റോഡിന് കിഴക്ക് ഭാഗത്തായി കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലത്ത് കെട്ടിടം നിർമ്മിച്ചതിനെതിരെ സ്വകാര്യ വ്യക്തി തളിപ്പറമ്പ് കോടതിയിൽ കൊടുത്ത കേസ് നിലവിലുണ്ടെങ്കിലും കൈയേറ്റം നടത്തിട്ടുള്ള സ്ഥലത്ത് വ്യാപാര കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
എരിപുരത്ത് നാലു റോഡുകൾ സംഗമിക്കുന്നിടത്ത് നിർമ്മിച്ച ട്രാഫിക് സർക്കിളും അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പുതിയ റോഡ് നിർമ്മാണം പൂർത്തിയായപ്പോൾ വാഹനങ്ങൾക്ക് പോകാൻ വളരെ സൗകര്യവും വീതിയേറിയതുമായ സ്ഥലമുണ്ടായിരുന്നു. എന്നാൽ ട്രാഫിക് സർക്കിളും നാലു ഡിവൈഡറുകളും നിർമ്മിക്കാൻ സ്ഥലം മാർക്ക് ചെയ്തപ്പോൾ വാഹനങ്ങൾക്ക് സുഖമമായി പോകാൻ സ്ഥലമില്ലാതായി.
ജംഗ്ഷനിൽ മൂന്ന് മീറ്ററോളം ആരമുള്ള വൃത്തവും 2 മീറ്റർ വീതിയിലുള്ള ഡിവൈഡറിനും നിർമ്മിച്ചതോടെ റോഡിന്റെ വീതി 2.5 മീറ്റർ മാത്രമായി ചുരുങ്ങി. പയ്യന്നൂർ ഭാഗത്തു നിന്നും, മാടായിപ്പാറ ഭാഗത്തു നിന്നും ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾക്കാണ് ഏറെ അപകട സാദ്ധ്യതയുള്ളത്. ഇന്നലെ പുലർച്ചയോടെ ഉണ്ടായ വാഹനാപകടത്തിൽ ഒരു ജീവൻ നഷ്ടമായിരിക്കുകയാണ്.
അശാസ്ത്രീയമായ രീതിയിൽ ഇറക്കത്തിൽ സീബ്രാ ലൈനുള്ളതും അപകടത്തിന് കാരണമാക്കുന്നുണ്ട്. സർക്കിളിന്റെ വ്യാപ്തി കുറച്ചും ഡിവൈഡറിന്റെ വീതി ഒരു മീറ്ററാക്കിയും പരമാവധി റോഡിന്റെ വീതി നിലനിർത്തിയിരുന്നുവെങ്കിൽ സുഖമായി വാഹനങ്ങൾക്ക് കടന്ന് പോകുവാൻ കഴിയുമായിരുന്നു. സർക്കിളിൽ ഇതുവരെ ഇരുപതോളം വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്.