തളിപ്പറമ്പ്: തഹസിൽദാരുടെ നേതൃത്വത്തിൽ ചുഴലി വില്ലേജിലെ ചെങ്കൽ പണകളിൽ നടന്ന മിന്നൽ പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പണകൾ പൂട്ടിക്കുകയും ചെങ്കൽ കടത്താനെത്തിയ 6 ലോറികൾ പിടികൂടുകയും ചെയ്തു. തളിപ്പറമ്പ് തഹസിൽദാർ ഇ.എം റെജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഈ പ്രദേശത്ത് ദേവസ്വം ഭൂമി കൈയേറി ചെങ്കൽ ഖനനം നടത്തുന്നതായി നേരത്തേ പരാതി ഉണ്ടായിരുന്നു. ഇതു കൂടാതെ 2 മാസം മുൻപ് തന്നെ അനധികൃത ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ഭാഗത്തു നിന്നും നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തുകയും അനധികൃത പണകളിൽ നിന്ന് കല്ലുകൊത്ത് യന്ത്രങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് ചുമതലകൾ കാരണം തുടർ പരിശോധനകളൊന്നും നടന്നില്ല.
ഇപ്പോൾ വീണ്ടും പരാതികൾ ഉയർന്ന സാഹചര്യത്തിൽ തളിപ്പറമ്പ് താലൂക്കിലെ മുഴുവൻ അനധികൃത ചെങ്കൽ ഖനനവും നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചുഴലി വില്ലേജിൽ പരിശോധന നടത്തിയതെന്നും പിടിച്ചെടുത്ത വാഹന ഉടമക്കെതിരെയും ചെങ്കൽപണ ഉടമകൾക്കെതിരെയും നടപടിയെടുക്കുമെന്നും തഹസിൽദാർ ഇ.എം റെജി പറഞ്ഞു.
ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ടി. മനോഹരൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി.വി കൃഷ്ണരാജ്, എ. മാനസൻ, എ. ജയൻ, റവന്യൂ ജീവനക്കാരായ സി.കെ രാഘവൻ, എ.പി രാജൻ, ഒ. നാരായണൻ, സബിൻ കുമാർ, ചുഴലി വില്ലേജ് ഓഫിസർ ടി.വി രാജേഷ്, ജീവനക്കാരൻ ബാലകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. താലൂക്കിലെ മുഴുവൻ അനധികൃത ചെങ്കൽ ഖനനവും പൂട്ടിക്കുന്നത് വരെ പരിശോധന തുടരുമെന്ന് തഹസിൽദാർ അറിയിച്ചു.