മട്ടന്നൂർ: കാനാട് വീടിനുള്ളിൽ അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ മട്ടന്നൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ. ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് മരിച്ചത്. ജിജിന കുഞ്ഞിനെയുമെടുത്ത് ആത്മഹത്യ ചെയ്തതാണെന്ന നിഗമനമാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം.
പരിയാരം ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹങ്ങളുടെ ഇൻക്വിസ്റ്റും പോസ്റ്റ്മോർട്ടവും നടത്തി ഇന്നലെ രാവിലെ വീട്ടിലെത്തിച്ച് സംസ്ക്കരിച്ചു. ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായ കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ നിലവിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സൗദിയിൽ ജോലി ചെയ്യുന്ന ഭർത്താവ് നിഷാദ് രണ്ടു വർഷത്തോളമായി നാട്ടിലെത്താത്തതിന്റെ മനോവിഷമമാകാം കാരണമെന്നും അനുമാനിക്കുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കായി ജിജിന ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.