കണ്ണൂർ: കൊവിഡിന്റെ മറവിൽ കാർഷികമേഖലയുടെ നട്ടെല്ലൊടിച്ച് വളംവില കുത്തനെ ഉയരുന്നു. രാസവളത്തിനും എല്ലുപൊടിയ്ക്കും വേപ്പിൻ പിണ്ണാക്കിന്നുമെല്ലാം അൻപതു ശതമാനത്തോളമാണ് വില വർദ്ധിച്ചത്.

50 കിലോ ഫാക്ടംഫോസിന്റെയും പൊട്ടാഷിന്റെയും വില 800 രൂപ മുതൽ 850 രൂപ വരെയായിരുന്നത് 1250 രൂപയിലെത്തിനിൽക്കുകയാണിപ്പോൾ. പഴയപോലെ സബ് സിഡി ഇല്ലാത്തതും കർഷകർക്ക് തിരിച്ചടിയായി. റബ്ബറടക്കമുള്ള നാണ്യവിളകൾക്കും കപ്പ പോലുള്ള ഇടവിളകൾക്കും വളം ചെയ്യേണ്ട സമയമാണിപ്പോൾ. വലിയ തുകയ്ക്ക് വളം വാങ്ങിയാൽ കനത്ത നഷ്ടം നേരിടുമെന്നതാണ് കർഷകരെ വലയ്ക്കുന്നത്.

വളം ഉത്പ്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഭൂരിഭാഗവും പൂട്ടി കിടക്കുകയാണ്. നേരത്തെ പൊതു മേഖല സ്ഥാപനമായ ഫാക്ടിൽ നിന്നായിരുന്നു കൂടുതൽ വളങ്ങളെത്തിയിരുന്നത്. എന്നാൽ നിലവിൽ ഫാക്ടും ഉത്പാദനം വലിയ തോതിൽ വെട്ടിക്കുറച്ചു. സ്വകാര്യ കമ്പനികൾ മേഖലയിൽ പിടിമുറുക്കിയതോടെ അനിയന്ത്രിത വില കർഷകരിലും വള കച്ചവടക്കാരിലും അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണ്. യു.പി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും രാസവളങ്ങൾ എത്തുന്നത്.

വ്യാപാരികൾക്കും നഷ്ടക്കണക്ക്

വളത്തിന്റെ വ്യാപാരികളും നിലവിൽ വലിയ പ്രതിസന്ധിയിലാണ്. വില്പനയിൽ 50 ശതമാനത്തോളം കുറവ് വന്നെന്നാണ് അവർ പറയുന്നത്. നാല് മാസം സ്ഥാപനങ്ങൾ പൂട്ടി കിടന്നപ്പോൾ തൊഴിലാളികൾക്ക് കൊടുത്ത ശമ്പളത്തിന്റെയും മറ്റും ആനുകൂല്യങ്ങളും കച്ചവടക്കാർക്ക് സർക്കാർ ഇതുവരെ നൽകിയിട്ടില്ല.


കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണോടെ മേഖലയാകെ സ്തംഭിച്ച സ്ഥിതിയിലായിരുന്നു. കച്ചവടം അനക്കം വച്ച് തുടങ്ങിയപ്പോഴാണ് പെട്ടെന്നുണ്ടായ വിലക്കയറ്റം കനത്ത തിരിച്ചടിയായത്. വില വർദ്ധിച്ചതോടെ കർഷകർ വളം വാങ്ങാനെത്തുന്നില്ല.

എൻ.പി. പ്രശാന്ത്, ചെയർമാൻ, ഫീൽഡക്സ് ആഗ്രോ ഇൻഡസ്ട്രീസ്

കണ്ണൂർ

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നാമമാത്രയുള്ള സബ്സിഡിയാണ് വളത്തിന് നൽകുന്നത്. സ്വകാര്യ കമ്പനികളുടെ കടന്നു വരവോടെ അനിയന്ത്രിത വില ക‌ർഷകരിൽ അടിച്ചേൽപ്പിക്കുകയാണ്.

സി.പി. ഷൈജൻ, ജില്ലാ സെക്രട്ടറി,

അഖിലേന്ത്യാ കിസാൻ സഭ