കണ്ണൂർ: കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും ആയിരം കടന്നതോടെ കടുത്ത ഭീതിയും ആശങ്കയും നിറയുന്നു. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും യോഗം ചേർന്ന് പ്രതിരോധ നടപടികൾ വിലയിരുത്തി. ചൊവ്വാഴ്ച മുതൽ നിലവിൽ വന്ന രാത്രികാല കർഫ്യു ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
രോഗവ്യാപനം കൂടുതൽ ഉള്ള മേഖലകളെ മൈക്രോ കണ്ടെയിൻമെന്റ് സോണുകളായി തിരിച്ച് കർശന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരേ ഒരു തരത്തിലുള്ള ശിക്ഷാ ഇളവും ഉണ്ടാകില്ല. അതേസമയം നിയന്ത്രണങ്ങൾ കർശനമായതോടെ റോഡുകളിലും മാർക്കറ്റുകളിലും തിരക്ക് നന്നെ കുറഞ്ഞു .
വാക്സിനിൽ ഇരുട്ടടി
വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ നടത്തിക്കൊണ്ടിരുന്ന വാക്‌സിൻ ക്യാമ്പുകൾ പലയിടത്തും മുടങ്ങിയിരിക്കുകയാണ്. സെക്കൻഡ് ഡോസ് എടുക്കേണ്ടവർ ആണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. പല വാക്‌സിനേഷൻ കേന്ദ്രങ്ങളിലും രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവരുടെ നീണ്ടനിരയാണ്.
രോഗികളുടെ എണ്ണം വർദ്ധിക്കുന്നതോടൊപ്പം രോഗവിമുക്തരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞതവണ രോഗികളുടെ എണ്ണത്തോടൊപ്പം ഏതാണ്ട് തുല്യമായി തന്നെ രോഗവിമുക്തരുടെ എണ്ണവും ഉണ്ടായതിനാൽ വലിയ പ്രതിസന്ധി ഉണ്ടായില്ല.കൊവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യപ്രവർത്തകർക്ക് വലിയ രീതിയിൽ രോഗം ബാധിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
തിങ്ങിനിറഞ്ഞ് ആശുപത്രികൾ
കൊവിഡ് രണ്ടാം തരംഗത്തിൽ ശ്വാസകോശത്തെ കൂടുതലായി ബാധിക്കുന്ന തരത്തിലാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഓക്‌സിജൻ, വെന്റിലേറ്റർ അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ആവശ്യമുള്ളതിനാൽ രോഗികൾക്ക് കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരുന്നു.
ജില്ലയിലെ മിക്ക ആശുപത്രികളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ ആരംഭിച്ച എല്ലാ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും അടച്ചുപൂട്ടിയിരുന്നു. ഇതെല്ലാം വീണ്ടും തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും .