കൊയിലാണ്ടി: മുൻസിപ്പാലിറ്റിയിലും സമീപ ഗ്രാമങ്ങളിലും കൊവിഡ് വ്യാപനം ശക്തമായതോടെ ജനം പരിഭ്രാന്തിയിൽ. വാക്‌സിനേഷൻ എപ്പോൾ ലഭിക്കുമെന്നറിയാൻ നിരവധി പേർ താലൂക്ക് ആശുപത്രിയിലെത്തി. നഗരസഭ സംഘടിപ്പിച്ച മെഗാ വാക്‌സിനേഷൻ ക്യാമ്പ് മാറ്റി വച്ചതും ആളുകളിൽ വലിയ അശാന്തിയാണ് സൃഷ്ടിച്ചത്. ഒന്നാം ഘട്ട വ്യാപനത്തിന് ശേഷം സർക്കാർ ഓഫീസുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും അപ്രത്യക്ഷമായ നോട്ട് പുസ്തകം വീണ്ടും തിരിച്ചെത്തി. ഇവിടെ എത്തുന്നവർ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് കർശനനിർദ്ദേശം നൽകിയിരിക്കുകയാണ്. തുടക്കത്തിൽ വാക്‌സിനേഷൻ എടുക്കാൻ അലംഭാവം കാണിച്ചവർ ഇപ്പോൾ താലൂക്ക് ആശുപത്രിയിലും ആരോഗ്യ കേന്ദ്രങ്ങളിലും തിക്കിതിരക്കി എത്തുകയാണ്. പൊലീസിന്റെ ഉച്ചഭാഷിണിയിലൂടെയുള്ള മുന്നറിയിപ്പ് നഗരത്തിലേക്കുള്ള ഇരുചക്ര വാഹനങ്ങളുടെ ഒഴുക്ക് ഇല്ലാതാക്കി. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർ പേഴ്‌സൺ കെ.പി. സുധ പറഞ്ഞു.