ആലക്കോട്: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിന് പിന്നിൽ കോൺഗ്രസ് നേതാവും യു.ഡി.എഫ് ജില്ലാ കൺവീനറുമായ പി.ടി. മാത്യുവാണെന്ന് തെളിഞ്ഞു. പ്രചാരണത്തിനെതിരെ സോണി സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് യു.ഡി.എഫ് ജില്ലാ കൺവീനർ പി.ടി മാത്യുവാണ് പോസ്റ്റിന് പിന്നിലെന്ന് കണ്ടെത്തിയത്.
ആദ്യമായി ആരോപണം പുറത്തുവിട്ട 'ജോൺ ജോസഫ്' എന്ന പ്രൊഫൈൽ ഐ.ഡിയുടെ ഐ.പി അഡ്രസ്സ് പി.ടി മാത്യുവിന്റെ ലാൻഡ് ഫോൺ നമ്പറാണെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തയതിനെ തുടർന്ന് ആലക്കോട് പൊലീസ് പി.ടി. മാത്യുവിനെ ചോദ്യം ചെയ്തു.
ഇരിക്കൂർ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് എ ഗ്രൂപ്പ് നേതാവായ സോണിക്കെതിരെ സ്വന്തം ഗ്രൂപ്പിലെ നേതാവ് അപവാദ പ്രചാരണം നടത്തിയത്. ചർച്ചകൾ ചൂടുപിടിച്ച ഘട്ടത്തിൽ കൊപ്ര സംഭരണ അഴിമതിയുമായി ബന്ധപ്പെട്ട് ആക്ഷേപ പോസ്റ്റുകൾ പ്രചരിപ്പിക്കുകയായിരുന്നു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റിൽ മുന്നിലുണ്ടായിരുന്ന സോണിയെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു പോസ്റ്റുകളെല്ലാം.
ആദ്യപോസ്റ്റ് മാർച്ച് മൂന്നിന്
മാർച്ച് മൂന്നിനിട്ട ആദ്യ പോസ്റ്റിൽ 'അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർത്ഥിയായി വരണോ? എന്നായിരുന്നു ചോദ്യം.
ഏപ്രിൽ 28ന് തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംഭരണ അഴിമതി കേസിന്റെ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത് വളരെയെറെ ദോഷം ചയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്? ഇതായിരുന്നു രണ്ടാമത്തെ പോസ്റ്റ്. പോസ്റ്റിനോടൊപ്പം കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസിന്റെ പകർപ്പും കോടതി ഉത്തരവിന്റെ പകർപ്പും ചേർത്തിട്ടുണ്ട്. ഇത് സമൂഹ മാദ്ധ്യമങ്ങളിൽ എതിർ ഗ്രൂപ്പുകാർ വ്യാപകമായി പ്രചരിപ്പിച്ചു. ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മാർച്ച് 12ന് വീണ്ടും ഈ പ്രൊഫൈലിൽ സോണിക്കെതിരെ പോസ്റ്റ് വന്നു. ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ടപ്പെട്ടു. കൊപ്ര അഴിമതിക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കണമെന്ന് വാശി പിടിച്ചത് കൊണ്ടല്ലേ എന്നായിരുന്നു പോസ്റ്റ്.