നീലേശ്വരം: താലൂക്ക് ആശുപത്രി പരിസരത്തെ പോസ്റ്റുമോർട്ടം കെട്ടിടം തകർന്ന് വീണു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരിക്കെ 20 വർഷം മുമ്പ് പണിതതാണ് ഇപ്പോൾ തകർന്ന് വീണ കെട്ടിടം. ആദ്യമൊക്കെ ഈ കെട്ടിടത്തിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തിരുന്നെങ്കിലും പിന്നീട് നിർത്തലാക്കുകയായിരുന്നു. ഉപയോഗശൂന്യമായ കെട്ടിടം കഴിഞ്ഞ ദിവസമാണ് നിലംപൊത്തിയത്.
താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് 10 വർഷം കഴിഞ്ഞെങ്കിലും ഇവിടെ പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞവർഷം ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം പണിതപ്പോഴും പോസ്റ്റ്മോർട്ടത്തിനായുള്ള കെട്ടിടം ഉൾപ്പെടുത്തിയിരുന്നില്ല. നീലേശ്വരം നഗരസഭയെ കൂടാതെ മടിക്കൈ, കിനാനൂർ-കരിന്തളം, കയ്യൂർ-ചീമേനി, വെസ്റ്റ്എളേരി, ഈസ്റ്റ് എളേരി, കോടോം ബേളൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള അപകടമരണങ്ങളിൽ ഇപ്പോഴും പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഇത് ജില്ലാ ആശുപത്രിയിൽ ജോലി ഭാരം വർദ്ധിപ്പിക്കുകയാണ്.