കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ മഴക്കാല പൂർവ്വ ശുചീകരണം ശക്തമാക്കും. മേയർ അഡ്വ. ടി.ഒ മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത്, ദേശീയപാത, വാട്ടർ അതോറിറ്റി, കോർപ്പറേഷൻ എൻജിനീയറിംഗ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയായിരുന്നു യോഗം. കാലവർഷത്തിനു മുന്നോടിയായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഓടകളും മറ്റും വൃത്തിയാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേയർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ദേശീയപാതക്ക് അരികിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ നീക്കം ചെയ്യുന്നതിനും ഓടകൾ ശുചീകരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളിലെ അനധികൃത കൈയേറ്റങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതു മരാമത്ത് വകുപ്പിനോടും ആവശ്യപ്പെട്ടു. അമൃത് പൈപ്പ് ലൈനിന്റെ ഭാഗമായി എടുത്ത കുഴികളിൽ നിന്നുള്ള മണ്ണ് മൂലം നിറഞ്ഞ ഓടകളിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് ഓടകളിലൂടെ വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയെടുക്കുന്നതിന് കോർപ്പറേഷൻ പരിധിയിലെ വില്ലേജ് ഓഫീസർമാർ, കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ യോഗം ചേരും. യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കെ .രാഗേഷ്, അഡ്വ. മാർട്ടിൻ ജോർജ്, സുരേഷ് ബാബു എളയാവൂർ, അഡ്വ. പി. ഇന്ദിര എന്നിവർ സംബന്ധിച്ചു.