പയ്യന്നൂർ: കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ സ്വകാര്യ ആശുപത്രികളിൽ, ആവശ്യമായി വരികയാണെങ്കിൽ കൊവിഡ് പോസിറ്റീവ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി 30 ശതമാനം സൗകര്യങ്ങൾ നീക്കി വെക്കുന്നതിന് നിർദ്ദേശിക്കുവാൻ , ബുധനാഴ്ച നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭ കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ആവശ്യം വരികയാണെങ്കിൽ ഉപയോഗപ്പെടുത്തുവാനായി ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ വിവരശേഖരണത്തിനും , വാർഡ്തല ജാഗ്രത സമിതികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനും തീരുമാനിച്ചു.
നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകീട്ട് 7 മണിവരെ എന്നുള്ളത് 30 - തീയതി വരെ തുടരുവാനും , ഹോട്ടലുകളിൽ 7 മണി മുതൽ 8 മണി വരെ പാർസൽ നല്കുന്നത് അനുവദിക്കാനും തീരുമാനിച്ചു. കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള കർശന നടപടികൾ, സെക്ടറൽ മജിസ്ട്രേറ്റ്, ആരോഗ്യ വിഭാഗം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.
സി. കൃഷ്ണൻ എം.എൽ.എ , നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ , തഹസിൽദാർ, സെക്ടറൽ മജിസ്ട്രേറ്റ് മാർ, നഗരസഭ സെക്രട്ടറി, താലൂക്ക് ആശുപത്രി സൂപ്രണ്ട്, പൊലീസ് അധികൃതർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.