കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിക്ക് മുമ്പിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായി ഒരു ദശാബ്ദം പിന്നിട്ടു. നഗരത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇനിയും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. 11 വർഷം മുമ്പാണ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കുന്നതിന് ഹോസ്റ്റൽ പണിതത്.
താമസിക്കാൻ ഇടംതേടി നഗരത്തിലെത്തുന്ന സർക്കാർ ജീവനക്കാരായ വനിതകൾ ഉൾപ്പെടെ ഇന്നും ബുദ്ധിമുട്ടുകയാണ്. മാറിമാറി വന്ന നഗരസഭ ഭരണസമിതികളുടെ തികഞ്ഞ അനാസ്ഥയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
കൊവിഡ് രൂക്ഷമായപ്പോൾ ജില്ലാ ആശുപത്രിയിലെ സ്രവ സാമ്പിൾ ശേഖരിക്കുന്നതിനുള്ള സൗകര്യം ഇവിടേക്ക് മാറ്റിയത് മാത്രമാണ് ഈ കെട്ടിടം ഉപയോഗിച്ച് ചെയ്ത ആകെയൊരു കാര്യം. എൻ.എ ഖാലിദ് ചെയർമാനായ നഗരസഭ ഭരണസമിതിയാണ് 40 മുറികളോടു കൂടിയ ഹോസ്റ്റൽ പണിതത്. 2010 ലാണ് ഉദ്ഘാടനം നടന്നത്. തുടക്കത്തിൽ കുടുംബശ്രീയെ ഹോസ്റ്റൽ നടത്തിപ്പ് ഏൽപിച്ചുവെങ്കിലും നഷ്ടത്തിലാണെന്ന കാരണത്താൽ അവർ ഒഴിവായി. അതോടെ ഹോസ്റ്റൽ പൂട്ടുകയും ചെയ്തു.
സ്പോർട്സ് ഹോസ്റ്റലാക്കാനും ശ്രമം
സ്‌പോർട്സ് ഹോസ്റ്റലായി കെട്ടിടം ഉപയോഗിക്കാൻ ആലോചനയുണ്ടായെങ്കിലും ഇതിന് അനുമതി ലഭിച്ചില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെട്ടിടത്തിൽ സ്‌പോർട്സ് ഹോസ്റ്റൽ ആരംഭിക്കാൻ അനുമതി തേടി ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ അപേക്ഷ നൽകുകയായിരുന്നു. 90 കുട്ടികളെ താമസിപ്പിച്ച് കായികപരിശീലനമായിരുന്നു കൗൺസിൽ ലക്ഷ്യമിട്ടത്.