മട്ടന്നൂർ: കനത്ത കാറ്റിലും മഴയിലും മട്ടന്നൂർ മേഖലയിൽ വ്യാപക നാശം. മട്ടന്നൂരിൽ അഗ്നി ശമന നിലയത്തിലെ ഫയർ എൻജിൻ മറിഞ്ഞ് അപകടം. മട്ടന്നൂർ കോളേജ് റോഡിലെ ഇറക്കത്തിലാണ് ഫയർ എൻജിൻ നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന അഗ്നി ശമന സേനാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ശക്തമായ കാറ്റിൽ കാരയിൽ വിമാനത്താവളം റോഡിൽ മരം പൊട്ടി വീണ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഫയർ എൻജിൻ മറിഞ്ഞത്. തുടർന്ന് അഗ്നിശമന നിലയത്തിലെ മറ്റൊരു ഫയർ എൻജിനാണ് കാരയിലേക്ക് പോയത്. മട്ടന്നൂർ അമ്പലം റോഡിൽ കെട്ടിടത്തിന് മുകളിലെ ഷീറ്റ് നിലം പതിച്ചു. ബസ് സ്റ്റാൻഡിലെ കെട്ടിടത്തിനു മുകളിലെ പരസ്യ ബോർഡ് ഭാഗികമായി തകർന്നു. അമ്പലം റോഡിൽ പാർക്ക് ചെയ്ത വാഹനത്തിന് മുകളിൽ മരം പൊട്ടി വീണ് വാഹനത്തിന് കേട്പാട് സംഭവിച്ചു. കൊതേരി മാണിയേരിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. കാര ഇടിപീടിക വളവിൽ കൂറ്റൻ മാവ് കടപുഴകി വീണ് ഗതാഗതം നിലച്ചു. തുടർന്ന് നാട്ടുകാർ മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.