തലശ്ശേരി: എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ കുണ്ടേരിപ്പൊയിൽ ഇരുകടൽ പുഴയുടെ തീരത്ത് നിന്നും വൻ വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. പുഴയുടെ കരയിൽ കുഴിച്ചിട്ട നിലയിൽ 3 ബാരലുകളിലായി സൂക്ഷിച്ച 600 ലിറ്റർ വാഷും പിടികൂടി. പ്രിവന്റീവ് ഓഫീസർ കെ. അശോകന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുഴയോരത്ത് വൻതോതിൽ വാഷ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. പുഴയുടെ അരികിൽ കുഴിയെടുത്ത് ബാരലുകൾ മണ്ണിനടിയിൽ ഒളിപ്പിക്കുകയായിരുന്നു. പഴവർഗ്ഗങ്ങളും, ധാന്യങ്ങളും ഉപയോഗിച്ചാണ് വാഷ് ഉണ്ടാക്കിയിരുന്നത്. പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. 200 ലിറ്റർ കൊള്ളുന്ന 3 ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.
പ്രിവന്റീവ് ഓഫീസർമാരായ കെ. അശോകൻ, പി. പ്രമോദൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാജി അളോക്കൻ, റോഷിത്ത് പി, ജീമോൻ കെ, ജലീഷ് പി, സജേഷ് സി.കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ രമ്യ കെ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.