കാസർകോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഴം, പച്ചക്കറി മത്സ്യമാംസ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ കർശനമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു.
ഹോട്ടലുകളിൽ
* പരമാവധി പാഴ്സലുകൾ നല്കാൻ ശ്രമിക്കുക. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക .
* ഹോട്ടലിൽ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിക്കുക
* സീറ്റിന് അനുസൃതമായ ആളുകളെ മാത്രം പ്രവേശിപ്പിക്കുക
* ഹോട്ടലിനകത്ത് ആളുകൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുക
* ഭക്ഷണം പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും മൂക്കും വായും മുഴുവനായും മറയുന്ന വിധത്തിൽ മാസ്‌ക്കും ശരിയായ രീതിയിൽ ഗ്ലൗസും ധരിക്കുക
* കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരെ ഹോട്ടൽ ജോലികളിൽ നിയോഗിക്കരുത്
* ഹോട്ടൽ ജീവനക്കാർ 15 ദിവസത്തിലൊരിക്കൽ കൊവിഡ്19 ടെസ്റ്റിന് വിധേയരാകുക
* വരുന്നവരുടെ വിവരശേഖരണത്തിനായി രജിസ്റ്ററുകൾ സൂക്ഷിക്കുക.
* പണമിടപാടുകൾ പരമാവധി ഓൺലൈൻ ആക്കുക.
* എ.സി പൂർണമായും ഒഴിവാക്കുകയും ജനാലകളും വാതിലുകളും തുറന്നിടുകയും ഫാൻ പ്രവർത്തിപ്പിക്കുകയും ചെയ്യുക.
* ഹാൻഡ് വാഷിംഗിനും ഹാൻഡ് സാനിറ്റൈസേഷനും സജ്ജീകരണങ്ങൾ ഒരുക്കുക
* കൃത്യമായ ഇടവേളകളിൽ സ്ഥാപനം അണുനശീകരണി ഉപയോഗിച്ച് അണുവിമുക്തമാക്കുക
* ഉപയോഗിച്ച മാസ്‌കും ഗ്ലൗസും 1 ശതമാനം ക്ലോറിൻ സൊല്യൂഷനിൽ ഇട്ട് വച്ച് അരമണിക്കൂർ കഴിഞ്ഞ ശേഷം കുഴിച്ചു മൂടുക
പഴം, പച്ചക്കറി, മത്സ്യമാംസ മാർക്കറ്റുകളിൽ
* ആളുകൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുക.
* മാർക്കറ്റിനകത്തു ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക.
* അനാവശ്യമായി മാർക്കറ്റിലേക്ക് പോകുന്നത് ഒഴിവാക്കുക
* സാധനങ്ങൾ വാങ്ങിക്കുന്നവരും വിൽക്കുന്നവരും മൂക്കും വായും മുഴുവനായും മറയുന്ന വിധത്തിൽ മാസ്‌കും സാധനം വിൽക്കുന്നവർ ശരിയായ രീതിയിൽ ഗ്ലൗസും ധരിക്കുക
* മാർക്കറ്റിലേക്ക് വരുന്നവരുടെ വിവരശേഖരണത്തിനായി രജിസ്റ്ററുകൾ സൂക്ഷിക്കുക
* ഹാൻഡ് വാഷിംഗിനും ഹാൻഡ് സാനിറ്റൈസേഷനും ആവശ്യമുള്ള സജ്ജീകരണങ്ങൾ ഒരുക്കുക .
* കോവിഡ്19 രോഗലക്ഷണങ്ങൾ ഉള്ളവരെ ജോലിയിൽ നിയോഗിക്കരുത്.
* ജോലി ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ കൊവിഡ്19 ടെസ്റ്റിന് വിധേയരാകുക
* 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളും 2 ഡോസ് വാക്സിൻ എടുക്കാത്ത 65 വയസ്സിനു മുകളിൽ പ്രായമുള്ളവരും മാർക്കറ്റുകളിലേക്ക് പോകാതിരിക്കുക.