fruit

കണ്ണൂർ:റംസാൻ കാലത്ത് ഇക്കുറിയും പഴങ്ങൾക്ക് പൊള്ളും വില .കൊവിഡ് നിയന്ത്രണത്തിൽ തെരുവോര കച്ചവടം ഇല്ലാതായതോടെ കടകളെ ആശ്രയിക്കുന്നതിനാൽ ആവശ്യക്കാർ വിലക്കയറ്റം നന്നായി അറിയുന്നുണ്ട്. .നോമ്പുതുറ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 60 രൂപയാണ് വില.

സീസണാണെങ്കിലും മാമ്പഴമാണ് വിപണിയിൽ കൂടുതൽ വിറ്റുപോകുന്നത്.കൂട്ടത്തിൽ കുറ്റിയാട്ടൂർ മാങ്ങയും ബംഗനപ്പള്ളിയ്ക്കുമാണ് വിപണിയിലെ താരങ്ങൾ . നാടൻ ഇനമായതിനാൽ കുറ്റിയാട്ടൂർ മാങ്ങയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിന് 120 രൂപയും ബംഗനപ്പള്ളിക്ക് 150 രൂപയുമാണ് വില.

കാശ്മീരി ആപ്പിളിന് 200 രൂപയും ഗ്രീൻ ആപ്പിളിന് 240 രൂപയുമാണ് വില.വേനൽ ചൂടായതിനാൽ തണ്ണിമത്തനും ഇക്കുറിയും ആവശ്യക്കാർ കൂടുതലാണ്.കർണാടകയിൽ നിന്നുള്ള വത്തക്കക്കും ഇറാനി വത്തക്കക്കും കിലോയ്ക്ക് 25 രൂപയാണ്. ജ്യൂസ് മുന്തിരിക്കും കുരുവില്ലാത്ത വെളള മുന്തിരിക്കും 100 രൂപയാണ്. കുരുവില്ലാത്ത കറുത്ത മുന്തിരിക്ക് 180 രൂപയാകും. ജ്യൂസിന് ഉപയോഗിക്കുന്ന മുസംബിക്ക് 90 രൂപയും ഓറഞ്ചിന് 150 രൂപയുമാണ് ഈടാക്കുന്നത്.

നേരത്തെ 40 നും 60നുമായി വിറ്റ പൈനാപ്പിളിന് 80 രൂപയായി ഉയർന്നു. സപ്പോട്ടക്കും 80 രൂപയാണ്. സീസണല്ലാത്തതിനാൽ ബട്ടറിന് 300 രൂപയാണ് വില . ഉറുമാമ്പഴത്തിന് കിലോക്ക് 200 രൂപയാണ്. ഷമാം 60, പപ്പായ 50 എന്നിങ്ങനെയാണ് വില.

സുലഭം,​ പക്ഷെ ആവശ്യക്കാർ വേണ്ടേ

കഴിഞ്ഞ വർഷത്തിന് വിപരീതമായി ഇത്തവണ ഈത്തപ്പഴവും ഉണക്ക കാരക്കയുമെല്ലാം ധാരാളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് പറയുന്ന വ്യാപാരികൾക്ക് ഇവ വിറ്റുപോകുന്നില്ലെന്ന പരാതിയുണ്ട് ഇക്കുറി. കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് ഇറക്കുമതി തീരെ കുറവായിരുന്നു ആവശ്യക്കാർ ധാരാളവും. ആളില്ലാത്തതിനാൽ വിലയേറിയ ഈത്തപ്പഴങ്ങൾപോലും കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഒരുങ്ങുകയാണ് പല കച്ചവടക്കാരും.

കിലോക്ക് 130 രൂപ മുതലാണ് ഈത്തപ്പഴ വില. പാകിസ്ഥാൻ, ഒമാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിൽ കൂടുതൽ. രുചിയുള്ള സൗദിയിനമായ അജ്‌വക്ക് കഴിഞ്ഞ വർഷം കിലോയ്ക്ക് മൊത്തവില 1200ന് മുകളിലായിരുന്നുവെങ്കിൽ ഇത്തവണ 600 രൂപയേയുള്ളൂ. ടുണീഷ്യ, അൾജീരിയ, ഇറാഖ് എന്നിവിടങ്ങളിനിന്നുള്ളവയും വിപണിയിലുണ്ട്.