ആലക്കോട്: കൊവിഡ് വ്യാപനം മലയോരത്ത് രൂക്ഷമായിക്കൊണ്ടിരിക്കെ, രോഗം കണ്ടെത്തുന്നതിനുള്ള പരിശോധനാ കിറ്റുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നു. മലയോര പഞ്ചായത്തുകളായ ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവിൽ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലാണ് ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾക്കുള്ള കിറ്റുകൾക്ക് ക്ഷാമം നേരിടുന്നത്. കൊവിഡ് വാക്സിനേഷൻ നടക്കുന്നതിനാൽ ഒട്ടുമിക്ക പി.എച്ച്.സികളിലും കൊവിഡ് പരിശോധനയ്ക്കുള്ള ടെസ്റ്റുകൾ നിറുത്തിവെക്കുകയോ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. കരുവൻചാൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ, ആലക്കോട് സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ പരിശോധനാ സൗകര്യമുണ്ടെങ്കിലും പരിശോധനകൾക്കുള്ള കിറ്റുകൾ ലാബുകൾക്ക് ആവശ്യാനുസരണം ലഭിക്കാത്തതിനാൽ പലപ്പോഴും പരിശോധനകൾക്കെത്തുന്നവർ നിരാശരായി മടങ്ങുകയാണ്. പരിശോധന നടത്തുന്നവരിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതും പരിഭ്രാന്തിക്കിടയാക്കുന്നുണ്ട്. കൊവിഡ് വാക്സിനേഷൻ നടത്തുന്ന കേന്ദ്രങ്ങളിൽ ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽപെടുത്തി കർശന നിയന്ത്രണങ്ങൾ പൊലീസും ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് നടപ്പിലാക്കിയിട്ടുള്ളതിനാൽ ടൗണുകളിലും ഓഫീസുകളിലും തിരക്ക് വളരെ കുറഞ്ഞിട്ടുണ്ട്.