തലശ്ശേരി: കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ മഴയിലും, ആഞ്ഞുവീശിയ കാറ്റിലും മേഖലയിൽ വൻ നാശനഷ്ടം. കൊടുവള്ളിയിലെ പൗരാണിക ആരാധനാലയമായ വാമൽ ക്ഷേത്രം ഏതാണ്ട് പൂർണ്ണമായും തകർന്നു. ക്ഷേത്ര മുറ്റത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ കാഞ്ഞിരമരം കടപുഴകി വീണതിനെ തുടർന്നാണ് ക്ഷേത്ര മതിലും പ്രവേശനകവാടവുമടക്കം തകർന്നത്. സമീപത്തുള്ള കടകൾക്കും നാശനഷ്ടം സംഭവിച്ചു.

എരഞ്ഞോളി കുഞ്ഞികൂലോം കശുവണ്ടി ഫാക്ടറിയുടെ മേൽകൂരയ്ക്കായി പാകിയ കൂറ്റൻസിങ്ക് ഷീറ്റുകൾ കാറ്റിൽ പറന്നു. ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത മാരുതി സുസുക്കി വർക്ക് ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട രണ്ട് കാറുകൾ വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞ് വീണ് തകർന്നു. പലയിടത്തും തെങ്ങ് ഉൾപ്പെടെയുള്ള വൃക്ഷങ്ങൾ മുറിഞ്ഞും കടപുഴകി വീണ്ടും വീടുകൾക്കും സ്ഥാപനങ്ങൾക്കും നാൾ നഷ്ടമുണ്ടായി. കൊളശ്ശേരി മേഖലയിൽ വ്യാപകമായ കൃഷി നാശമുണ്ടായി. കൊളശ്ശേരി ഉദയയിൽ വിമുക്തഭടൻ എ.ടി ഹരിദാസിന്റെ 20 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത വാഴ, കപ്പ, പപ്പായ എന്നിവയാണ് നശിച്ചത്. വിളവെടുപ്പിന് പാകമായ നേന്ത്രവാഴകളാണ് മിക്കതും. ഉദ്ദേശം 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തലശ്ശേരിയിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം കാര്യാലയത്തിനും പൊതുമരാമത്ത് വകുപ്പ് വൈദ്യുതി ഉപ വിഭാഗം കാര്യാലയത്തിനും മുകളിൽ കൂറ്റൻ മാവ് കടപുഴകി വീണു. മാടപ്പീടിക മെയിൻ റോഡിൽ മരം കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കൂടുതൽ നാശനഷ്ടങ്ങളെ കുറിച്ച് അറിവായി വരുന്നതേയുള്ളു.