കാസർകോട്: പൊലീസിന് നേരെ വെടിവച്ച കേസിൽ ആറ് പ്രതികളെ കർണാടക ജയിലിൽ നിന്നും പ്രൊഡക്ഷൻ വാറണ്ട് പ്രകാരം തെളിവെടുപ്പിന് ഉപ്പളയിൽ എത്തിച്ചു. ഏപ്രിൽ 28 വരെയാണ് കേസന്വേഷണത്തിനായി ആറ് പ്രതികളെ ഉപ്പളയിലെത്തിച്ചത്. മിയാപദവിലെ റഹീം, അശ്ഫാഖ്, ശാക്കിർ, കൂവാ ഫയാസ്, രാകേഷ് കിഷോർ, ലത്വീഫ് അടുക്ക എന്നിവരെയാണ് തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ഉപ്പളയിലെത്തിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 26ന് വൈകുന്നേരം കാറിലെത്തിയ ഗുണ്ടാസംഘം ഉപ്പളയിലെ ഒരു ക്ലബിൽ ഇരിക്കുകയായിരുന്നവർക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് ഗുണ്ടാ സംഘത്തെ പിടികൂടാനായി മിയാപദവ് കുളവയലിൽ രാത്രിയോടെ എത്തിയപ്പോഴാണ് പൊലീനിന് നേരെ വെടിയുതിർത്തത്. പൊലീസിനെ കണ്ട സംഘം ബിയർ കുപ്പികൾ എറിയുകയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.
തുടർന്ന് കർണാടകയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. വിട്ള പൊലീസ് ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ആറംഗ സംഘം ഇവിടേയും പൊലീസിന് നേരെ വെടിയുതിർത്തു. മൂന്നുപേരെ കർണാടക പൊലീസ് ഓടിച്ചുപിടികൂടിയിരുന്നു. രക്ഷപ്പെട്ടവരെ വിട്ള പൊലീസ് പൂനെയിൽ വെച്ചാണ് പിടികൂടിയത്. കർണാടക പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിൽ അപേക്ഷ നൽകിയാണ് പ്രൊഡക്ഷൻ വാറണ്ട് പ്രകാരം കർണാടക ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയത്. കാസർകോട് ഡിവൈ.എസ്.പി. പി.പി സദാനന്ദന്റെ മേൽനോട്ടത്തിലായിരുന്നു തെളിവെടുപ്പ്.