കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ഫണ്ട് നൽകാത്തതിന്റെ പേരിൽ കൊളവയലിലെ വി.കെ.റാസിഖിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച് ഡി.വൈ.എഫ്‌.ഐ പതാക സ്ഥാപിച്ചുവെന്ന ആരോപണം വിവാദമായിരിക്കെ അജാനൂർ പഞ്ചായത്തിൽ ഇടത്പക്ഷ ഭരണത്തിനെതിരെ അവിശ്വാസത്തിന് പ്രതിപക്ഷ നീക്കം. സംഭവത്തിൽ ഡി.വൈ.എഫ്‌.ഐയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന അജാനൂർ പഞ്ചായത്ത് ഭരണസമിതിയെ നീക്കാനാണ് മുസ്ലിം ലീഗിൽ ആലോചന നടക്കുന്നത്.

ബി.ജെ.പിയെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിക്കാനാണ് നീക്കമെന്ന് സി.പി.എം ആരോപിക്കുന്നു. 23 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് 10 അംഗങ്ങളാണുള്ളത്. മുസ്ലിം ലീഗിന് ഏഴും കോൺഗ്രസിന് രണ്ടുമുൾപ്പെടെ യു.ഡി.എഫ് പക്ഷത്ത് ഒമ്പത് പേരും നാലംഗങ്ങളുള്ള ബി.ജെ.പിയും പ്രതിപക്ഷത്താണ്.

യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരികയും ബി.ജെ.പി പിന്തുണ നല്കുകയും ചെയ്താൽ എൽ.ഡി.എഫ് ഭരണം വീഴും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ: കെ. ശ്രീകാന്ത് തറ പൊളിച്ച വിവാദമുയർന്ന കൊളവയലിലെത്തിയത് രഹസ്യനീക്കത്തിന്റെ ഭാഗമായി സി.പി.എം കാണുന്നുണ്ട്.