കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിലും കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന മറ്റു ആരോഗ്യകേന്ദ്രങ്ങളിലും നൽകുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതെന്ന് ആരോപണം. വിളമ്പിയ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് കാസർകോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ ഇന്നലെ ഭക്ഷണം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ ചായക്കൊപ്പം നൽകിയ ഉപ്പുമാവ് തിന്നാൻ കൊള്ളാത്തതെന്ന് ആരോപിച്ചായിരുന്നു തുടക്കം. ഉച്ചക്ക് ചോറും കറിയും നൽകിയപ്പോൾ രോഗികൾ ഒന്നാകെ പ്രതിഷേധിക്കുന്ന അവസ്ഥയായിരുന്നു. ഉപ്പുമാവിന് മധുരം നൽകാൻ സീറയുടെ ഭാഗങ്ങൾ ചേർത്തുവെന്നും കറികൾക്ക് പകരം മുളകുവെള്ളം നൽകിയെന്നുമാണ് രോഗികളുടെ പരാതി.
ചട്ടഞ്ചാലിലെ ഒരു കരാറുകാരനാണ് മെഡിക്കൽ കോളേജിൽ ഭക്ഷണം എത്തിക്കുന്നത്. ഒരു ദിവസം ഒരു കൊവിഡ് രോഗിക്ക് ഭക്ഷണം നൽകാൻ 180 രൂപയാണ് സർക്കാർ നൽകുന്നത്. രാവിലെ ചായ, പലഹാരം, ഉച്ചക്ക് ഊണ്, രാത്രി ചപ്പാത്തി എന്നിങ്ങനെയാണിത്. എന്നാൽ നൂറുരൂപയുടെ പോലും ഭക്ഷണം കിട്ടുന്നില്ലെന്നാണ് രോഗികൾ പറയുന്നത്. കാഞ്ഞങ്ങാട് ഗുരുവനത്തെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലെന്ന് പറഞ്ഞു രോഗികൾ പ്രതിഷേധിച്ചിരുന്നു. മെഡിക്കൽ കോളേജിലെയോ ട്രീറ്റ്മെന്റ് സെന്ററുകളിലെയോ ജീവനക്കാർക്കോ ഡോക്ടർമാർക്കോ ഇതൊന്നും അറിയില്ല. ഉദ്യോഗസ്ഥ തലത്തിൽ നൽകുന്ന കരാർ പ്രകാരമാണ് കരാറുകാർ ഭക്ഷണം വിളമ്പുന്നത്. നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ രോഗികൾക്ക് ഭക്ഷണം നൽകുമ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥന്മാർ നേരിട്ട് കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെയാണ് വിതരണക്കാർ തോന്നിയപടി കൈമാര്യം ചെയ്യുന്നതെന്നാണ് രോഗികൾ പറയുന്നത്.