കണ്ണൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിവരുന്ന നിയന്ത്രണങ്ങൾക്കിടെ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിനാവശ്യമായ നടപടികളുമായി കൺസ്യൂമർഫെഡ്. കൺസ്യൂമർഫെഡിന്റെ എല്ലാ ത്രിവേണി സൂപ്പർ മാർക്കറ്റുകളും നീതി മെഡിക്കൽ സ്റ്റോറുകളും ഹോം ഡെലിവറി സംവിധാനം ആരംഭിക്കും. ത്രിവേണി സൂപ്പർ മാർക്കറ്റുകളുടെ വാട്സ്ആപ്പ് നമ്പറിൽ നല്കുന്ന ഇൻഡന്റും വിലാസവും പരിഗണിച്ച് കൺസ്യൂമർഫെഡ് ജീവനക്കാർ മരുന്നുകളും ഭക്ഷ്യസാധനങ്ങളും വീടുകളിലെത്തിക്കും.

ഇതിന് പുറമെ കൺസ്യൂമർഫെഡിന്റെ 47 മൊബൈൽ ത്രിവേണികൾ വിവിധ കണ്ടെയിൻമെന്റ് സോണുകളിലും കടലോര മലയോര മേഖലകളിലും ആവശ്യകത അനുസരിച്ച് റൂട്ട് തയ്യാറാക്കി ഗ്രാമീണ മേഖലകളിൽ സാധനങ്ങൾ എത്തിക്കും. കെ.എസ്.ആർ.ടി.സി ബസുകൾ സർക്കാർ അനുമതിയോടെ ലഭ്യമാകുന്ന പക്ഷം അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ ഉപയോഗിക്കും. അടുത്ത അദ്ധ്യയനവർഷത്തെ വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ ത്രിവേണി നോട്ട്ബുക്കുകളും മറ്റ് പഠനോപകരണങ്ങളും വീടുകളിലെത്തിക്കുന്നതിനാവശ്യമായ പദ്ധതി കൂടി കൺസ്യൂമർഫെഡ് തയ്യാറാക്കിവരുന്നുണ്ട്.

വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ എന്നിവയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ചർച്ച നടത്തും. നേരത്തെ ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യസാധനങ്ങൾ ആവശ്യക്കാരിലെത്തിക്കാൻ ശക്തമായ രീതിയിൽ ഇടപെടാൻ കൺസ്യൂമർഫെഡിനായിട്ടുണ്ട്. കഴിഞ്ഞ കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക പുരസ്‌കാരവും കൺസ്യൂമർ ഫെഡിന് ലഭിച്ചിട്ടുണ്ട്.

കൺസ്യൂമർഫെഡ് കണ്ണൂർ ജില്ലയിലെ ത്രിവേണി സ്റ്റോറുകളുടെ വാട്സ്ആപ്പ് നമ്പറുകൾ. 9995453800 (കണ്ണൂർ), 9495594398 (ചക്കരക്കൽ), 9605719188 (പേരാവൂർ), 9496761940 (കമ്പിൽ), 9745698713 (പിണറായി), 8304998909 (പയ്യന്നൂർ), 7907818636 (മഞ്ഞോടി), 9562275346 (കേളകം), 9847480181 (പഴയങ്ങാടി). ഫോൺ റീജ്യണൽ ഓഫീസ് -0497 2708010, 8547841163.