മാഹി: രാജ്യത്ത് 2015 മുതൽ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയിരിക്കെ, മാഹിയിൽ മാത്രം പദ്ധതി നടപ്പിലാക്കാത്തതിനെതിരെ പ്രമുഖ അഭിഭാഷകൻ ടി. അശോക് കുമാർ ചെന്നൈ ഹൈക്കോടതിയിലേക്ക്.
പൊതുതാൽപ്പര്യ ഹരജി നൽകുന്നതിന്റെ ഭാഗമായി പുതുച്ചേരി സിവിൽ സപ്‌ളൈസ് സെക്രട്ടറിക്കും, ഡയറക്ടർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം മാഹിയിലെ അർഹരായ മുഴുവൻ റേഷൻ കാർഡുടമകൾക്കും ആനുകൂല്യം ലഭിക്കുന്നില്ലെങ്കിൽ, ഹൈക്കോടതിയെ സമീപിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിലെ 75 ശതമാനം പേരും നഗരത്തിലെ 50 ശതമാനം പേരും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം പദ്ധതി ആനുകൂല്യത്തിന് അർഹരാണ്. പുതുച്ചേരി, കാരിക്കാൽ, യാനം മേഖലകളിലെല്ലാം ഈ ആനുകൂല്യം വർഷങ്ങളായി ലഭിക്കുമ്പോൾ, സംസ്ഥാനത്തിന്റെ ഭാഗമായ മാഹിക്ക് മാത്രം ഇത് നിഷേധിക്കപ്പെടുകയാണുണ്ടായത്. മാഹിയിലെ 2879 കുടുംബങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുകയുണ്ടായി. എന്നാൽ മാഹിയിൽ നിന്നും ഈ ഫയൽ വർഷങ്ങളായി പുതുച്ചേരിക്ക് പോകാത്തതാണ് കാരണമെന്നറിയുന്നു. ആയിരക്കണക്കിന് സാധാരണക്കാരുടെ അവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.