vaccin
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വാക്സിനേഷനായി വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ എത്തി കാത്തുനിൽക്കുന്നവർ

ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്സിൻ എടുത്തവർ തങ്ങൾക്ക് ലഭിച്ച ടോക്കണുകൾ പുറത്തുകൊണ്ടുപോയി കൊടുത്ത് കൂടുതൽ പേരെത്തി വാക്സിനെടുത്തത് വൻ പ്രതിഷേധത്തിനിടയാക്കി. ക്യൂവിൽ നിന്ന് ടോക്കൺ ലഭിച്ചവരിൽ പലരും വാക്സിൻ ലഭിക്കാതെ മടങ്ങേണ്ടിയും വന്നു. അതിരാവിലെ 4 മണിമുതൽ എത്തി കാത്തുനിന്ന ചിലരാണ് മടങ്ങിയത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള കൈയേറ്റ ശ്രമമായും ഇടയ്ക്കിത് മാറി.
വ്യാഴാഴ്ച 500 പേർക്ക് വാക്സിനേഷൻ നൽകുമെന്നും ഇവർക്ക് രാവിലെ 10 മണിവരെ ടോക്കൺ നല്കുമെന്നുമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പുണ്ടായിരുന്നത്. ടോക്കൺ കരസ്ഥമാക്കാനായി സ്ത്രീകൾ അടക്കം രാവിലെ 4 മണിമുതൽക്കെ ആശുപത്രി പരിസരത്ത് എത്തി. ഏഴുമണിയാകുമ്പോഴേക്കും നൂറുകണക്കിന് പേർ സ്ഥലത്തെത്തിയെങ്കിലും 8 മണിമുതൽ മാത്രമേ ടോക്കൺ വിതരണം ഉണ്ടാകുള്ളൂ എന്ന വിവരമാണ് ഇവർക്ക് കിട്ടിയത്. ഇതിനിടയിൽ മണിക്കൂറുകളായി കാത്തുനിന്ന പലരും അസ്വസ്ഥമാകുന്നത് കാണാമായിരുന്നു.

വന്നവർ വന്നവർ നിന്ന് ഒരു ക്യൂ രൂപപ്പെട്ടുവെങ്കിലും ഇതിൽ ഉൾപ്പെടാതെ പലരും പലയിടങ്ങളിലായി കൂട്ടം കൂടി നിൽക്കുന്നതും കാണാമായിരുന്നു. ഒടുവിൽ ടോക്കൺ വിതരണം ആരംഭിച്ചതോടെ ക്യൂവിൽ നിൽക്കുന്നവരെ മറികടന്ന് പലയിടങ്ങളിലായി കൂടിനിന്നവർ ടോക്കണുവേണ്ടി തള്ളിക്കയറിയതാണ് ആദ്യം ബഹളങ്ങൾക്കിടയാക്കിയത്. ഇത് വാക്കേറ്റങ്ങൾക്കും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു.

ആരോഗ്യപ്രവർത്തകരും ആശുപത്രി ജീവനക്കാരും ചേർന്ന് തത്കാലം പ്രശ്നങ്ങൾ തണുപ്പിച്ച് 500 ടോക്കണുകൾ നൽകി വാക്സിനേഷനും തുടങ്ങി.

ഉച്ചകഴിഞ്ഞപ്പോഴാണ് മറ്റൊരു പ്രശ്നം ഉടലെടുത്തത്. ടോക്കൺ ലഭിച്ച് വാക്സിൻ എടുത്തവർ ടോക്കണുകൾ മേശപ്പുറത്തു വെക്കുന്നതായി കാണിച്ച് തിരിച്ചെടുത്തു കൊണ്ടുപോകുന്നത് ഇവിടെയിരുന്ന് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. തിരിച്ചുകൊണ്ടുപോയവർ ഇത്തരം ടോക്കണുകൾ പുറത്തു നിൽക്കുന്നവർക്ക് കൈമാറുകയായിരുന്നു.

വാക്സിൻ തീർന്നപ്പോൾ

അധികൃതരും ഞെട്ടി!

നൂറോളം ടോക്കണുകളിൽ ഇരട്ട വാക്സിൻ വിതരണം നടന്നതായാണ് ആക്ഷേപമുയർന്നത്. ആശുപത്രി അധികൃതർ നൽകിയ 500 ടോക്കണുകൾ പ്രകാരമുള്ള വാക്സിനേഷൻ പൂർത്തിയാക്കുകയും മരുന്ന് തീരുകയും ചെയ്തപ്പോഴാണ് നൂറോളം പേർ ടോക്കണുമായി പുറത്തു കാത്തുനിൽക്കുന്നതായി അറിയുന്നത്. ഇത് വൻ ബഹളത്തിൽ കലാശിക്കുകയായിരുന്നു. ടോക്കണെടുത്ത് പുറത്ത് നിൽക്കുന്നവർ ഓഫീസിലേക്ക് ഇരച്ചു കയറുകയും ബഹളത്തിനിടെ ആരോഗ്യപ്രവർത്തകർക്ക് നേരെ കൈയേറ്റ ശ്രമം വരെ ഉണ്ടാവുകയും ചെയ്തു. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പൊലീസ് എത്തിയാണ് എല്ലാവരെയും സ്ഥലത്തുനിന്നും മാറ്റിയത്.

കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട ആശുപത്രിയിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറിയത്