കണ്ണൂർ: രാഷ്ട്രീയത്തിലെ സൗമ്യ മുഖമാണ് ഇന്നലെ നിര്യാതനായ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രാജൻ. കൊവിഡ് ഭേദമാകുന്നതോടെ താൻ ഉടൻ തിരിച്ചുവരുമെന്നും പൊതുരംഗത്ത് സജീവമാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം പോലും ഫോണിൽ ബന്ധപ്പെട്ട സഹപ്രവർത്തകരോട് രാജൻ പറഞ്ഞിരുന്നത്. ധർമ്മടം നിയോജക മണ്ഡലത്തിലെ ചക്കരക്കൽ മുഴപ്പാല സ്വദേശിയായ കെ.കെ രാജൻ ബീഡി തൊഴിലാളിയായി പൊതുരംഗത്തേക്ക് കടന്നു വന്ന് അവിഭക്ത കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസിന്റെ നേതൃനിരയിലേക്ക് ഉയർന്ന നേതാവാണ്.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി എഴുപതുകളിൽ രാജൻ പ്രവർത്തിച്ചിട്ടുണ്ട്. നിർഭയത്വത്തോടെ ഏത് പ്രശ്നങ്ങളിലും ഇടപെടുന്ന രാജൻ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാണി സി.കാപ്പൻ എം.എൽ.എ, അന്തരിച്ച മുൻ മന്ത്രിമാരായ എ.സി. ഷൺമുഖദാസ്, തോമസ് ചാണ്ടി, എൻ. രാമകൃഷ്ണൻ, മാദ്ധ്യമ പ്രവർത്തകനും യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ്ുമായിരുന്ന സി എച്ച്. ഹരിദാസ് എന്നിവരുമായി ആത്മബന്ധം പുലർത്തി. അറിയപ്പെടുന്ന സഹകാരി കൂടിയായ അദ്ദേഹം അഞ്ചരക്കണ്ടി ഫാർമേഴ്‌സ് ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ്. എൻ.സി.പിയുടെയും കോൺഗ്രസ് എസിന്റെയും കണ്ണൂർ ജില്ലാ ഉപാദ്ധ്യക്ഷൻ, ജനറൽസെക്രട്ടറി, ഐ.എൻ.എൽ.സി ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ബീഡി തൊഴിലാളി മേഖലയിലെ കരുത്തനായ സംഘാടകനും ആയിരുന്നു. വളപട്ടണം വെസ്റ്റേൺ ഇന്ത്യയിലും തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. 1979 ൽ കോൺഗ്രസ് പിളർന്നപ്പോൾ കോൺഗ്രസ് എസ് വിഭാഗത്തിൽ ഉറച്ചു നിന്ന കെ.കെ രാജൻ അന്ന് തൊട്ടു ഇടതു ജനാധിപത്യ മുന്നണിയുടെ മുന്നണി പോരാളിയായിരുന്നു.

രാജന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ, കെ.എ ഗംഗാധരൻ, ഹമീദ് ഇരിണാവ്, കെ.വി രജീഷ്, കെ. ജയാനന്ദൻ, രാമചന്ദ്രൻ തില്ലങ്കേരി, വി.സി വാമനൻ, സി.എച്ച് പ്രഭാകരൻ, എം. പ്രഭാകരൻ, കെ.സുരേഷ്, പ്രശാന്ത് മുരിക്കോളി, കെ.കെ രജിത്, ശിവദാസ് നാറാത്ത് തുടങ്ങിയവർ അനുശോചിച്ചു.