തൃക്കരിപ്പൂർ: വീടിന്റെ മുൻവശത്തു തന്നെ തിലോപിയ, വാള മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന ചെറിയ കുളം. ഗെയ്റ്റു മുതൽ ഉപയോഗിച്ച ശേഷം നാം വലിച്ചെറിയുന്ന പാഴ് -പ്ളാസ്റ്റിക് ഉത്പന്നങ്ങൾ മുതൽ മുട്ടത്തോടിൽ വരെ പൂവും കാർഷിക ഉത്പന്നങ്ങളും വിളഞ്ഞു നിൽക്കുന്ന കാഴ്ച . തികച്ചും വ്യത്യസ്തമായൊരു ഹരിത ഭംഗി സൃഷ്ടിച്ച് പൂച്ചോലിലെ ഒ.ടി. അഷ്റഫ് ശ്രദ്ധനേടുകയാണ്.
ആകെ 12 സെന്റ് സ്ഥലമേ ഉള്ളുവെങ്കിലും ഒരേക്കർ സ്ഥലത്ത് വിളയിക്കാവുന്ന കാർഷിക ഉത്പന്നങ്ങൾ ഇവിടെ വിളയിച്ചെടുക്കുന്നു. വീടിന്റെ മുറ്റവും, മതിലിലും, ടെറസ്സിലും സിറ്റൗട്ടിലുമൊക്കെ വിവിധ തരം ചെടികളും പച്ചക്കറികളുമൊക്കെ കൃഷി ചെയ്ത് കാർഷിക മേഖലയിലുള്ള തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുകയാണ്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയോടൊപ്പം മുന്തിരി, പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ, ഉറുമാമ്പഴം, ജെറി, നാരങ്ങ എന്നിങ്ങനെ ഒരു ഭാഗത്ത്. ഉള്ളി, മുള്ളങ്കി, ബീറ്റ്റൂട്ട്, കാപ്സിക്കം, വിവിധ തരം ചീരകൾ, ഉരുളക്കിഴങ്ങ് എന്നിങ്ങനെ വേറൊരു ഭാഗത്ത്. കൂട്ടത്തിൽ സപ്പോട്ട, ആപ്പിൾ ചെടികളുമടക്കം ഇവിടെ വിളയാത്തതൊന്നുമില്ലെന്ന് പറയാം. വിവിധ ഔഷധച്ചെടികളുമുണ്ട് കൂട്ടത്തിൽ.
പഞ്ചായത്തിന്റെ ആദരം
പരിമിതമായ സൗകര്യങ്ങൾക്കിടയിലാണ് അഷ്റഫ് തന്റെ പുരയിടം നിറയെ ഹരിത സമ്പന്നമാക്കി പ്രകൃതി സൗഹൃദമാക്കിയത്. സ്കൂൾ, മദ്രസ വിദ്യാർത്ഥികളടക്കം പല വിഭാഗം ജനങ്ങളും ഇന്ന് അറിവനുഭവത്തിനായി അഷ്റഫിന്റെ പുരയിടത്തിലെത്തുന്നു. മികച്ച കർഷകനായി തൃക്കരിപ്പൂർ പഞ്ചായത്ത് അഷ്റഫിനെ ആദരിച്ചിട്ടുണ്ട്.