തലശ്ശേരി: നഗരസഭ വിളിച്ചുചേർത്ത കൊവിഡ് അവലോകന യോഗം ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചു. ബി.ജെ.പി അംഗങ്ങൾ ഇറങ്ങി പോയി. അവർ പിന്നീട് നഗരസഭ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി പ്രതിനിധി കൂടിയായ പ്രതിപക്ഷ നേതാവ് കെ.ലിജേഷ് കൊവിഡ് വിഷയത്തിൽ സബ് മിഷൻ ഉന്നയിച്ചു. ഏതാണ്ട് 15 മിനുട്ട് നേരം അദ്ദേഹം സംസാരിച്ചു. തുടർന്ന് ചെയർപേഴ്സൺ ജുമുന റാണി മറുപടി പ്രസംഗം നടത്തുന്നതിനിടെ ബി.ജെ.പി.അംഗങ്ങൾ ഇടക്ക് കയറി ഇടപെടുകയായിരുന്നു.

തുടർന്ന് ഭരണപക്ഷാംഗങ്ങളും ബി.ജെ.പി പ്രതിനിധികളും തമ്മിൽ വാക്കേറ്റമായി. ബി.ജെ.പി സഭ ബഹിഷ്‌കരിച്ച് ഇറങ്ങി പോവുകയും ചെയ്തു. ചെയർപേഴ്സന്റെ ചേമ്പറിൽ വച്ചും വാക്കേറ്റം നടന്നു. മറുപടി പ്രസംഗം കേൾക്കാനുള്ള മര്യാദ കാണിക്കാതെ ബി.ജെ.പി അംഗങ്ങൾ രാഷട്രീയം കളിക്കുകയാണുണ്ടായതെന്ന് ചെയർപേഴ്സൺ ജമുന റാണിയും, കൊവിഡ് വിഷയത്തിൽ രാഷ്ടീയം കലർത്തുന്നത് ശരിയല്ലെന്ന് വൈസ് ചെയർമാൻ വാഴയിൽ ശശിയും പറഞ്ഞു. നഗരസഭ പരിധിയിൽ യാതൊരു വിധ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും, കാര്യങ്ങൾ ചോദിച്ചാൽ അധിക്ഷേപിക്കുന്ന രീതിയാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്നും ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി കിട്ടുന്നില്ലെന്നും, പ്രതിപക്ഷ നേതാവ് കെ. ലിജേഷ് പറഞ്ഞു. അതേ സമയം ബി.ജെ പി അംഗങ്ങളുടെ നിലപാടിനോട് യു.ഡി.എഫ് വിയോജിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കയാണെന്നും യു.ഡി.എഫ് പ്രതിനിധി ഫൈസൽ പുനത്തിൽ പറഞ്ഞു.