തൃക്കരിപ്പൂർ: മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യവുമായി വീടും പരിസരവും ശുചീകരിക്കാനായി

റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഈ വർഷ പദ്ധതിയിൽ പഞ്ചായത്തിലെ 600 വീടുകളിലും നാൽപ്പതിൽപ്പരം വരുന്ന അങ്കണവാടികളിലും റിംഗ് കമ്പോസ്റ്റുകൾ സ്ഥാപിക്കുന്നതിനാണ് നടപടികൾ അന്തിമ ഘട്ടത്തിലെത്തിയിട്ടുള്ളത്.

സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ വഴി തിരഞ്ഞെടുക്കപ്പെട്ട 600 കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ റിംഗ് കമ്പോസ്റ്റ് സംവിധാനങ്ങൾ ഒരുക്കുന്നത്. രണ്ട് റിംഗുകളും വലുതും ചെറുതുമായ രണ്ട് മൂടികളും ഉൾക്കൊള്ളുന്ന യൂണിറ്റാണ് നൽകുന്നത്. 2500 രൂപയുള്ള കമ്പോസ്റ്റ് റിംഗുകൾ അനുവദിച്ചിട്ടുള്ള കുടുംബം ഗുണഭോക്തൃ വിഹിതമായി 200 രൂപ മാത്രമേ അടക്കേണ്ടതുള്ളൂ. പച്ചക്കറി, മത്സ്യം ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ റിംഗിൽ നിക്ഷേപിച്ച് രണ്ടോ മൂന്നോ മാസം കൊണ്ട് രണ്ടാമത്തെ റിംഗ് ഉപയോഗപ്പെടുത്താനാണ് നിർദേശം നൽകിയിട്ടുള്ളത്.

പൊതുമേഖലാ സ്ഥാപനമായ റെയ്ഡ്കോയാണ് ഗ്രാമ പഞ്ചായത്തിനാവശ്യമായ കമ്പോസ്റ്റ് റിംഗുകൾ നിർമ്മിച്ചു നൽകുന്നത്. നടക്കാവ് കുടുംബശ്രീ തൊഴിൽ പരിശീലന കേന്ദ്രത്തിന് സമീപമാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശുചിത്വ വീട് പദ്ധതിയിലാണ് കമ്പോസ്റ്റ് റിംഗുകൾ സ്ഥാപിച്ചു നൽകുന്നതെന്നും വരും വർഷങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഈ സംവിധാനം നടപ്പാക്കുവാനാണ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.