കൂത്തുപറമ്പ്: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂത്തുപറമ്പിൽ കടുത്ത നിയന്ത്രണങ്ങൾ. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും, വ്യാപാരി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. നഗരസഭ പരിധിയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം 7.30 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഹോട്ടലുകളിൽ പാർസൽ വ്യാപകമാക്കണമെന്നും നിർദ്ദേശം നൽകി.
8 മണി വരെ ഹോട്ടലുകൾക്ക് പാർസൽ ഭക്ഷണം നൽകാൻ അനുമതി നൽകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയത്. നഗരസഭാ പരിധിയിലെ വിവാഹം, ഗൃഹപ്രവേശനം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ ആരോഗ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 75 പേർക്ക് മാത്രമേ പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളു.
നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന് നഗരസഭാ ചെയർപേഴ്സൺ വി. സുജാത പറഞ്ഞു. നഗരസഭാതല കോർ കമ്മിറ്റി യോഗത്തിൽ ചെയർപേഴ്സൺ വി. സുജാത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, കൂത്തുപറമ്പ് സി.ഐ സുനിൽകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: എം.പി. ജീജ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു പങ്കെടുത്തു.