പയ്യന്നൂർ: ഇന്ത്യയിൽ വെളിയിട വിസർജ്ജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ടവയിൽ കൂടുതൽ മികവുള്ള നഗരമായി കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം പയ്യന്നൂർ നഗരസഭയെ തിരഞ്ഞെടുത്തു. പൊതുശുചിത്വം, പൊതുശൗചാലയങ്ങളുടെ മികച്ച നിലയിലുള്ള പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന നഗരങ്ങളെയാണ് ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ പ്ലസ് (ഒ.ഡി.എഫ് .പ്ലസ്) നഗരങ്ങളായി സ്വച്ഛഭാരത് മിഷൻ തിരഞ്ഞെടുക്കുന്നത്. കക്കൂസില്ലാത്ത എല്ലാ വീടുകളിലും കക്കൂസ് നിർമ്മിച്ചു നൽകി വെളിയിട വിസർജ്ജന വിമുക്ത നഗരമായി പയ്യന്നൂർ നഗരസഭ ഇതിനകം പ്രഖ്യാപിക്കപ്പെട്ടിരുന്നു.
നഗരത്തിൽ വന്നു പോകുന്ന ജനങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്ന പൊതു ശൗചാലയ സൗകര്യങ്ങളുണ്ടോ എന്നതാണ് ഒ.ഡി.എഫ്. പ്ലസ് പദവി നൽകുവാനായി പ്രധാനമായും പരിശോധിച്ചത്.
ഗൃഹ - സ്ഥാപന തലങ്ങളിൽ ശൗചാലയങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലുമുള്ള പൊതുജനങ്ങളുടെ ജാഗ്രത തുടങ്ങി ശുചിത്വാരോഗ്യ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന നഗരസഭകളെയാണ് കേന്ദ്ര സർക്കാരിനു വേണ്ടി ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യ സർവ്വേ നടത്തി മികച്ചതായി തിരഞ്ഞെടുക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ, സൗത്ത് പറവൂർ, കുന്നംകുളം നഗരസഭകളും ഒ.ഡി.എഫ് .പ്ലസ് പദവിക്ക് അർഹമായി. ഈ പദവി നേടുന്ന കണ്ണൂർ ജില്ലയിലെ ആദ്യത്തെ നഗരസഭയെന്ന പദവി പയ്യന്നൂരിന് ലഭിച്ചു. കൗൺസിലർമാരുടെയും, ജീവനക്കാരുടെയും, വിവിധ സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും ജനങ്ങളുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളും സഹകരണം നഗരസഭയ്ക്ക് ലഭിച്ചതായി ചെയർപേഴ്സൺ കെ.വി.ലളിത, വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. സജിത, സെക്രട്ടറി കെ.ആർ. അജി, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.സുബൈർ എന്നിവർ പറഞ്ഞു.