uae

മട്ടന്നൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇ. വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ന് അർദ്ധരാത്രി മുതൽ പത്തു ദിവസത്തേക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ സർവ്വീസുകളുണ്ടാകില്ല. അതേസമയം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കില്ലാത്തതിനാൽ കണ്ണൂരിലേക്ക് സർവീസുകളുണ്ടാകും.

യു.എ.ഇ.സർവീസുകൾ നിർത്തിവെച്ചത് ജോലിക്കായും മറ്റും പോകാനിരിക്കുന്ന നിരവധി യാത്രക്കാർക്ക് തിരിച്ചടിയായി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാനിലും വിലക്ക് ഏർപ്പെടുത്തിയതോടെ കണ്ണൂരിൽ നിന്ന് ആഴ്ചയിൽ മൂന്നു ദിവസം മസ്‌ക്കറ്റിലേക്ക് നടത്തുന്ന സർവീസുകളും ശനിയാഴ്ച മുതൽ നിർത്തും. ദോഹയിലേക്കുള്ള സർവീസുകൾക്ക് നിലവിൽ നിരോധനമില്ല. ആഴ്ചയിൽ രണ്ടു ദിവസമാണ് കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് സർവീസ്. ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവീസുകളുള്ളത്.