മട്ടന്നൂർ: നഗരസഭയിൽ കൊവിഡ് ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പഴം, പാൽ, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ. വിവിധ ചടങ്ങുകൾക്ക് കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും വിവാഹം, മരണം തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കും മാത്രമാണ് അനുമതി.

മറ്റു ദിവസങ്ങളിൽ കടകൾ രാത്രി 7.30ന് അടയ്ക്കണം. ഹോട്ടലുകളിൽ രാത്രി 7.30 വരെ ഇരുന്ന് ഭക്ഷണം കഴിക്കുകയും ഒമ്പതു വരെ പാർസൽ നൽകുകയും ചെയ്യാം. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്തുന്നതിന് കൗൺസിലർമാരെ അറിയിച്ച് നഗരസഭയിൽ നിന്ന് അനുമതി വാങ്ങണം. രോഗവ്യാപനം കൂടിയതിനെ തുടർന്ന് മലയ്ക്കുതാഴെ വാർഡിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ എല്ലാ വീടുകളിലും മഴക്കാല പൂർവ ശുചീകരണം നടത്തുകയും കൊതുകു നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യണം.