കാസർകോട്: ബദിയടുക്ക ഗവ. മെഡിക്കൽ കോളേജ് കൊവിഡ് സെന്ററിലെ രോഗികൾക്ക് ഗുണനിലവാരമില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്ന വിഷയത്തിൽ അധികൃതർ ഇടപെട്ടു. രോഗികൾ ഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ച വിവരമറിഞ്ഞ് എൻ.എൻ.നെല്ലിക്കുന്ന് മെഡിക്കൽ കോളേജിലെത്തി അധികൃതരുടെ ശ്രദ്ധയിൽ വിഷയം പെടുത്തുകയായിരുന്നു.
പിന്നാലെ മെഡിക്കൽ കോളേജിന്റെ ചുമതല വഹിക്കുന്ന ഡി.പി.ഒ ഡോ. രാമൻ സ്വാതി വാമൻ ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരനോട് വിശദീകരണം തേടി. കൊവിഡ് രോഗികൾക്ക് മൂന്ന് നേരവും ഗുണനിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യാമെന്ന് ഇയാൾ ഉറപ്പ് നൽകി. ഇതുവരെ ഭക്ഷണം നൽകിയ വകയിൽ അഞ്ചു ലക്ഷം രൂപ കിട്ടാനുണ്ടെന്ന കരാറുകാരന്റെ പരാതിയും അധികൃതരുടെ മുന്നിലെത്തി. കളക്‌ടറേറ്റിലെ ഫിനാൻസ് ഓഫീസറോട് ഈ തുക പെട്ടെന്ന് കൈമാറാൻ എം.എൽ.എ ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ രോഗികളുടെ എണ്ണം കൂടി വരികയാണ്. ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് ജില്ലയിലെ എഫ്.എൽ.ടി.സികളിൽ ഒന്നാണ്. 160 ബെഡുകളാണ് ഇവിടെയുള്ളത്. 115 ഓളം രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.