കാസർകോട്: ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയിൽ സി.ആർ.പി.സി 144 പ്രകാരം ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 12 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.

നേരത്തേ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കർശനമായി നടപ്പാക്കുന്നതിനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപ്പാലിറ്റികളിലും അജാനൂർ, ചെമ്മനാട് ,ചെറുവത്തൂർ, കള്ളാർ, കയ്യൂർ-ചീമേനി , കിനാനൂർ കരിന്തളം, കോടോം-ബേളൂർ, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളിലുമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആളുകൾ കൂട്ടം കുടുന്നത് കർശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും നടപടികളും കർശനമാക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ്, എ.ഡി.എം അതുൽ എസ് നാഥ്, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.വി. രാംദാസ് തുടങ്ങിയവർ പങ്കെടുത്തു.