ഇരിട്ടി: വള്ളിത്തോട് - ഉളിക്കൽ മലയോര ഹൈവേയിൽ പെരിങ്കിരിയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികന് ഗുരുതര പരിക്ക്. പെരിങ്കിരി സ്വദേശി ജെയിസൺ ബാബുവിനാണ് പരിക്കേറ്റത്.
ക്രഷറിൽ നിന്നും കരിങ്കൽ ഉൽപന്നങ്ങളുമായി വരികയായിരുന്ന മിനിലോറിയും വള്ളിത്തോട്ടിൽ നിന്നും പെരിങ്കിരിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിനകത്ത് കുടുങ്ങിക്കിടന്ന പെരിങ്കിരി സ്വദേശി ജെയിസൺ ബാബുവിനെ നാട്ടുകാർ ഏറേ പരിശ്രമിച്ചാണ് പുറത്തെടുത്തത്. റോഡിനു നടുവിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളെ ഇരിട്ടി അഗ്നിശമന സേനയും നാട്ടുകാരും ഏറേനേരം പരിശ്രമിച്ച് നീക്കം ചെയ്തു. അര മണിക്കൂറോളം മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. സംഭവത്തെ തുടർന്ന് ഇരിട്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഇരിട്ടി അഗ്നിശമന നിലയം സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അശോകൻ, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ സുരേന്ദ്ര ബാബു , ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ വിജീഷ്, സന്ദീപ്, ആദർശ്, വിഷ്ണു, ജോർജ്, സിവിൽ ഡിഫൻസ് സേനാംഗം ഡോളമി മുണ്ടാനൂർ, ജെസ്റ്റിൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.