congress

ആലക്കോട് : ഇരിക്കൂറിൽ ജയിച്ചാലും തോറ്റാലും യു.ഡി.എഫിൽ കൂട്ടക്കലാപമുണ്ടാകുന്ന തരത്തിൽ ഗ്രൂപ്പ് പോര് രൂക്ഷമായി. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യനെ സമൂഹമാദ്ധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ പി .ടി മാത്യുവിനെ യു.ഡി.എഫ്‌ ചെയർമാൻ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസിലെ എ വിഭാഗവും ലീഗ് നേതൃത്വവും ഉമ്മൻചാണ്ടിക്ക് പരാതി നൽകി.

കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ കോൺഗ്രസ് നേതാക്കളെ വിളിച്ച് സ്ഥിതിഗതികൾ ആരാഞ്ഞിരുന്നു. കുറ്റം ചെയ്തവർക്ക് സംഘടനാ നടപടി വേണമെന്ന ആവശ്യത്തിൽ ജില്ലാ നേതൃത്വം ഉറച്ചു നിൽക്കുകയാണ്. കെ..സി.. ജോസഫ് എം. എൽ. എയും പി.ടി.. മാത്യുവിനെതിരെ നടപടി വേണമെന്ന നിലപാടിലാണ്.

സോണിയുടെ പരാതിയിൽ ആലക്കോട്‌ പൊലീസ്‌ കേസെടുത്തതിനാൽ ചെയർമാൻ സ്ഥാനത്ത്‌ മാത്യു തുടരുന്നത്‌ മുന്നണിയുടെ പ്രതിഛായയെ ബാധിക്കുമെന്ന്‌ ലീഗ്‌ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വ്യക്തമാക്കി‌. ഇക്കാര്യത്തിൽ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണമെന്നാണ്‌ ഘടക കക്ഷികളുടെ അഭിപ്രായം.

അപകീർത്തി സന്ദേശം കൈമാറിയതിനും സമൂഹത്തിൽ സ്‌പർദ്ധ വളർത്താൻ ആഹ്വാനം നൽകിയതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ്‌ കേസ്‌‌‌. തെറ്റൊന്നും പ്രചരിപ്പിച്ചിട്ടില്ലെന്ന മാത്യുവിന്റെ നിലപാട്‌ കേസിനെ നേരിടാൻ തയ്യാറാണെന്നതിന്റെ സൂചനയാണ്‌. ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ കൈകാര്യം ചെയ്യാൻ ഉപയോഗിച്ച ഐ.പി അഡ്രസ്സിലുള്ളത്‌ മാത്യുവിന്റെ നമ്പറാണെന്ന്‌ സൈബർ സെൽ കണ്ടെത്തിയിട്ടും കേസെടുക്കാൻ ആലക്കോട്‌ സി..ഐ തയ്യാറായിരുന്നില്ല. സോണിയുടെ മൊഴിക്ക്‌ ശേഷമേ കേസെടുക്കുവെന്ന വാശിയിലായിരുന്നു സി..ഐ. എന്നാൽ പ്രതിഷേധം ശക്തമായതോടെ മാത്യുവിന്റെ വീട്ടിൽ നിന്ന് കമ്പ്യൂട്ടറും ഹാർഡ് ഡിസ്കുകളും ഇന്നലെ കണ്ടെടുത്തു.

കേസ് തേച്ചുമായ്ച്ചു കളയാൻ ശ്രമം

കേസ്‌ തുടക്കത്തിലേ തേച്ചുമായ്‌ക്കാൻ ശ്രമം നടന്നുവെന്ന്‌ ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്. ഇരിക്കൂർ സീറ്റിൽ ഹൈക്കമാൻഡ്‌ നിർത്തിയ സ്ഥാനാർത്ഥിക്കെതിരെ ഒറ്റക്കെട്ടായി പൊരുതിയ കോൺഗ്രസ്‌ എ ഗ്രൂപ്പ്‌ ഇപ്പോൾ രണ്ട്‌ തട്ടിലായ സ്ഥിതിയിലാണ്‌. സോണി സെബാസ്‌റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരസ്യമായി രംഗത്തിറിങ്ങിയ പി. ടി മാത്യുവാണ്‌ സമൂഹമാദ്ധ്യമത്തിലൂടെ ഇതിനുവിരുദ്ധമായ പ്രചാരണം നടത്തിയത്‌.അതേ സമയം തനിക്കെതിരെ നടപടിയുണ്ടാകുമെന്നു കരുതി പുതിയ ചരടുവലികളും പി.ടി. മാത്യു തുടങ്ങിയിട്ടുണ്ട്.

രാഷ്ട്രീയ ഭാവി തകർക്കാനുള്ള നീക്കമാണ്‌ വ്യാജ പ്രൊഫൈലിലൂടെ നടത്തിയ പ്രചാരണം. 40 വർഷത്തോളം ഒപ്പംനിൽക്കുന്ന ആളിൽനിന്ന്‌ ഇത്തരംനീക്കം പ്രതീക്ഷിച്ചതല്ല. പരാതിയിൽ ഉറച്ചുനിൽക്കും​-

സോണി സെബാസ്റ്റ്യൻ

ലാപ്‌ടോപ്പ് പൊലീസ് പിടിച്ചെടുത്തു

ആലക്കോട്: കെ.പി.സി.സി ജനറൽ സെക്രട്ടറിയും എ ഗ്രൂപ്പ് നേതാവുമായ അഡ്വ. സോണി സെബാസ്റ്റ്യനെ അപകീർത്തിപ്പെടുത്തുന്നതിനു വേണ്ടി വ്യാജ പ്രൊഫൈൽ ഉപയോഗിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തുന്ന ആലക്കോട് പൊലീസ് യു.ഡി.എഫ് ജില്ലാ ചെയർമാനും എ ഗ്രൂപ്പ് നേതാവുമായ പി.ടി മാത്യുവിന്റെ വീട് റെയ്ഡ് ചെയ്ത് ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ആലക്കോട് സി.ഐ കെ. വിനോദന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെയാണ് കരുവഞ്ചാൽ വായാട്ടുപറമ്പ് റോഡരികിലുള്ള പി.ടി മാത്യുവിന്റെ വീട് റെയ്ഡ് ചെയ്തത്. സൈബർ കുറ്റകൃത്യമായതിനാൽ പൊലീസ് സൈബർ ടീം അംഗങ്ങളും റെയ്ഡിൽ പങ്കെടുത്തു. വ്യാജ പ്രൊഫൈൽ നിർമ്മിക്കാനുപയോഗിച്ചതെന്നു കരുതുന്ന ലാപ്‌ടോപ്പ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. പി.ടി മാത്യുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യലിനു വിധേയമാക്കിയില്ല. മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷമേ ചോദ്യം ചെയ്യലും അറസ്റ്റുമുണ്ടാകുകയുള്ളൂ എന്നാണ് സൂചന. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കോൺഗ്രസ് നേതൃത്വത്തിനും യു.ഡി.എഫിനും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പി.ടി മാത്യുവിനെതിരെ പാർട്ടി തലത്തിൽ നടപടി ഉടനുണ്ടാകുമെന്നാണറിയുന്നത്