മാഹി: ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കേണ്ട മാഹിയിലെ അർഹരായവരുടെ ലിസ്റ്റ് തടഞ്ഞുവെച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം നിയമസഭയിലും പോരാടുമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രമേശ് പറമ്പത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2013 ൽ തുടക്കം കുറിച്ച ഭക്ഷ്യ സുരക്ഷാ നിയമം വഴി റേഷൻ കാർഡിൽ ഉൾപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഓരോ അംഗത്തിനും പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കുന്ന പദ്ധതി പ്രകാരം ഗ്രാമങ്ങളിൽ 75 ശതമാനവും നഗരങ്ങളിൽ 50 ശതമാനം പേരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ അർഹരാണ്. ഇതു വഴി മാഹിയിൽ 4200 ഓളം കാർഡുടമകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമായിരുന്നു.
എന്നാൽ ഈ പദ്ധതി പ്രകാരം മാഹിയിൽ കഴിഞ്ഞ നാലുവർഷമായി 200 ഓളം കുടുംബങ്ങൾക്കു മാത്രമേ ആനൂകൂല്യം ലഭിക്കുന്നുള്ളു. ലിസ്റ്റ് തടഞ്ഞുവെച്ച എം.എൽ.എയും അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.എമ്മും പാവപ്പെട്ടവന്റെ അന്നം മുടക്കുകയാണ് ചെയ്തതെന്ന് രമേശ് പറമ്പത്ത് ആരോപിച്ചു.
ഇതിനെതിരെ കോൺഗ്രസ് പാർട്ടിക്കുവേണ്ടി ചെന്നൈ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി ഫയൽ ചെയ്യാൻ തീരുമാനിച്ചതായി അഡ്വ. എം.ഡി. തോമസ് അറിയിച്ചു. പി. ശ്യാംജിത്തും സംബന്ധിച്ചു.