ന്യൂമാഹി: വീട്ടിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയോരത്ത് വലിച്ചെറിഞ്ഞ സംഭവത്തിൽ ഉടമയെ കണ്ടെത്തി തിരികെയെടുപ്പിച്ച് പഞ്ചായത്ത് നടപടിയെടുത്തു. ന്യൂമാഹി പഞ്ചായത്ത് അതിർത്തിയോട് ചേർന്ന് ഒളവിലം പാത്തിക്കൽ കള്ളുഷാപ്പിനടുത്ത് പുഴയോരത്ത് രണ്ടു വലിയ ചാക്കുകളിലാക്കി കൊണ്ടുവന്ന അജൈവ മാലിന്യങ്ങളാണ്, മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെയെടുപ്പിച്ചത്. മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ സ്‌ക്വാഡ് പ്രവർത്തനങ്ങൾക്കിടയിലാണ് മാലിന്യക്കൂമ്പാരം കണ്ടെത്തിയത്.
പുഴ സംരക്ഷണ സമിതിയുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച ഓൺലൈൻ ഇടപാടിലെ മേൽവിലാസം സ്‌ക്വാഡ് പ്രവർത്തകർ കാണിച്ചു. പിന്നീട് പെരിങ്ങാടി കല്ലിലാണ്ടി പള്ളിക്കടുത്ത് രണ്ട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിന്റെ മേൽവിലാസം തേടിയെത്തിയ ഉദ്യോഗസ്ഥരോട് ആക്രിക്കടക്കാർക്ക് മാലിന്യങ്ങൾ ഒഴിവാക്കാൻ വേണ്ടി പണം കൊടുത്ത് ഏർപ്പാടാക്കിയതാണെന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം. മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കുകയും 2000 രൂപ പിഴയടക്കാൻ നോട്ടീസും നൽകി.
പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് സെക്രട്ടറി കെ. സന്തോഷ് കുമാർ അറിയിച്ചു. പുഴയോരത്തും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത് തടയാനുള്ള സ്‌ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ വിജയൻ കയനാടത്തും സി.കെ. രാജലക്ഷ്മിയും അറിയിച്ചു.