പയ്യന്നൂർ: വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ആവശ്യമായ മരുന്ന് വീടുകളിൽ എത്തിക്കുന്നതിനും, ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനങ്ങൾ ഉപയോഗപ്പെടുത്തി വീടുകളിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനും നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
ടെസ്റ്റ് ചെയ്തവർ, റിസൾട്ട് ലഭ്യമാകാതെ പുറത്ത് പോകരുതെന്ന് നിർദ്ദേശം നൽകി. വിവാഹം, മറ്റ് ചടങ്ങുകൾ തുടങ്ങിയവ രണ്ട് ദിവസങ്ങളിലായി നടത്തുന്നത് ഒരു ദിവസമായി ചുരുക്കി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണം. ഓഡിറ്റോറിയങ്ങളിലെ വിവാഹ ചടങ്ങുകളിൽ പരമാവധി 75 പേർ മാത്രമെ പങ്കെടുക്കാവു. കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാർഡുകളിലെ ഓഡിറ്റോറിയങ്ങളിൽ വിവാഹം, മറ്റ് ചടങ്ങുകൾ നടത്തുവാൻ പാടില്ല. പൊലീസ് പരിശോധനകൾ നഗരസഭയിലെ ഉൾപ്രദേശങ്ങളിലടക്കം വ്യാപിപ്പിക്കും.
18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിന് നഗരസഭയിലെ വിവിധ സബ് സെന്ററുകൾ കൂടി ഉപയോഗപ്പെടുത്തും. എല്ലാ ദിവസവും രാവിലെ 10 ന് കൊവിഡുമായി ബന്ധപ്പെട്ട് അവലോകന കമ്മിറ്റി ചേരുവാനും വാർഡ്തല ജാഗ്രതാസമിതികളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനും തീരുമാനിച്ചു.
യോഗത്തിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, തഹസിൽദാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ, സർക്കിൾ ഇൻസ്പെക്ടർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഡോക്ടർമാർ, നഗരസഭ സൂപ്രണ്ട്, ഓഡിറ്റോറിയം ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.