കാഞ്ഞങ്ങാട്: വാനരശല്ല്യത്തിൽ പൊറുതിമുട്ടി മടിക്കൈ പഞ്ചായത്തിലെ കിഴക്കേമൂല, പൊനക്കളം, പള്ളത്ത് വയൽ തുടങ്ങിയ പ്രദേശങ്ങൾ. കർഷക കുടുംബങ്ങളാണ് വർഷങ്ങളായി കുരങ്ങൻമാർ കാരണം ദുരിതമനുഭവിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങന്മാർ കാർഷിക വിളകളും, മറ്റ് ഫല വസ്തുക്കളുമെല്ലാം പാടെ നശിപ്പിക്കുകയാണ്.
തേങ്ങയും ഇളനീരുമെല്ലാം കൂട്ടമായി എത്തുന്ന കുരങ്ങൻമാർ ഭക്ഷിക്കുകയും, തേങ്ങ പാകമെത്തും മുൻപ് നശിപ്പിക്കുന്നതും കണ്ട് ഏറേ വേദനയോടെ കഴിയുകയാണ് മടിക്കൈയിലെ കർഷക ജനത. വാനരൻമാരെ പിടികൂടി ഈ ദുരിതം അവസാനിപ്പിക്കണമെന്ന് ഗ്രാമസഭാ യോഗങ്ങളിലടക്കം നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും യാതൊരു നടപടിയുമില്ലെന്ന് മടിക്കൈ ഒമ്പതാം വാർഡിലെ കർഷകർ പറഞ്ഞു.
കുരങ്ങുകൾ തുരന്ന് നശിപ്പിച്ച ഇളനീരുകൾ ഓരോ പറമ്പിലും കാണാം. കാർഷിക വിളകളെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളെ പട്ടിണിയിലാഴ്ത്തുന്നതാണ് നിലവിലെ അവസ്ഥ. ശരാശരി 200 ഓളം തേങ്ങയാണ് ഓരോ തവണയും നഷ്ടമാകുന്നത്. വാനരൻമാരെ പിടികൂടുന്നതിൽ പുതിയ പഞ്ചായത്ത് ഭരണസമിതിയിലാണ് ഇനിയുള്ള പ്രതീക്ഷകൾ. കുരങ്ങൻമാരുടെ വരവ് തന്നെ കൂട്ടത്തോടെയാണ്. ഒരു തവണ ഒരു ഭാഗത്തേക്ക് വരുന്ന ഇവ പിന്നെ മറ്റൊരു ഭാഗത്തേക്ക് പോകും.
മുറ്റത്ത് ഉണങ്ങാനിടുന്ന അരിയും ഗോതമ്പും വരെ തങ്ങളുടെ കണ്ണുതെറ്റിയാൽ വാനരന്മാർ അകത്താക്കും. പത്തു വർഷമായി ഈ പ്രയാസം അനുഭവിക്കുന്നു.
പി. നാരായണി, പള്ളത്തുവയലിലെ വീട്ടമ്മ
വാനരന്മാരുടെ ശല്യം വലിയതോതിൽ അനുഭവപ്പെടുന്നുണ്ട്. പത്തു വർഷം മുമ്പ് വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി കുരങ്ങുകളെ കൊണ്ടുപോയതാണ്. അന്ന് ഒഴിവായവ പെറ്റുപെരുകിയതാകണം.
സി. പ്രഭാകരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ്
വാനരശല്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ നൂറോളം എണ്ണം ഉണ്ടെന്നാണ് കരുതുന്നത്. അവയെ നിയന്ത്രിക്കാനുള്ള വഴികൾ ആലോചിക്കും.
പി. പ്രകാശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്