kozhi

കണ്ണൂർ: കേരളത്തിലെ കോഴി കർഷകരെ തകർക്കാനുള്ള നീക്കം കൊവിഡ് വ്യാപന ഭീഷണിക്കിടെയും ശക്തിപ്പെടുത്തി തമിഴ്നാട് ലോബി. കോഴികളുടെ വില അടുത്തിടെ വൻതോതിൽ കുറഞ്ഞതും കോഴിത്തീറ്റയുടെ വില കുതിച്ചുയർന്നതും കർഷകർക്ക് വൻ കെണിയായിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി വിപണിയിൽ ഇറച്ചിക്കോഴിയുടെ ആവശ്യം കുറഞ്ഞുവരുന്നതിനിടെയാണ് കോഴിത്തീറ്റയുടെ വില അനുദിനം വർദ്ധിപ്പിക്കുന്നത്.

കോഴിക്കുഞ്ഞുങ്ങളുടെ വില അടുത്തിടെ വൻതോതിൽ കുറച്ചതോടെ കർഷകർ പരമാവധി കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി. ഇതിനു പിന്നാലെ കോഴിത്തീറ്റ വിലയിൽ 50 കിലോഗ്രാം ചാക്കിന് 25 മുതൽ 75 രൂപവരെ വിലവർദ്ധനവാണ് അടുത്തിടെ ദിനംപ്രതിയെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം 1870 രൂപയ്ക്കാണ് ഒരു ചാക്ക് കോഴിത്തീറ്റ വില്പന നടത്തിയത്. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവാണ് കാരണം പറയുന്നതെങ്കിലും തമിഴ്നാട് ലോബിയുടെ ഇടപെടൽ ഇക്കാര്യത്തിലുണ്ടെന്നാണ് കർഷകർ ആരോപിക്കുന്നത്. വ്യാപാരികൾക്ക് നേരത്തെ തന്നെ വില വർദ്ധനവിന്റെ നിർദ്ദേശം ലഭിക്കുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു.

ഇതോടെ ഉത്പാദന ചെലവ് വർദ്ധിച്ച കർഷകന് കോഴികളുടെ വിലയിൽ വൻ തിരിച്ചടിയാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്. കോഴികളുടെ വില വിഷുദിവസം വരെ 150 രൂപ ഉണ്ടായിരുന്നത് ഇതിനു ശേഷം കുത്തനെ ഇടിഞ്ഞു. ഇപ്പോൾ കോഴികൾക്ക് വിപണിയിൽ 115 രൂപയായി. ഇക്കാരണം പറഞ്ഞ് വ്യാപാരികൾ ഫാമുകളിൽ നിന്ന് 68 മുതൽ 72 വരെ രൂപയ്ക്കാണ് ഇപ്പോൾ കോഴികളെ വാങ്ങിക്കുന്നത്. ഇതാണ് കോഴി കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 175 രൂപ വരെ ഒരു കോഴിക്ക് ഉത്പാദന ചെലവുണ്ടെന്ന് ഇവർ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുകളൊന്നും ഇല്ലാത്തതിനാൽ കടുത്ത ചൂഷണത്തിനാണ് കർഷകർ ഇരയാകുന്നത്.

'പുര കത്തുമ്പോൾ വാഴവെട്ട് !"

'പുര കത്തുമ്പോൾ വാഴവെട്ടെ"ന്ന പോലെയാണ് കോഴി വിപണിയിലെ കാര്യങ്ങൾ. കർഷകരിൽ നിന്ന് 68 മുതൽ 72 വരെ രൂപയ്ക്ക് കോഴികളെ വാങ്ങുന്നുണ്ടെങ്കിലും ഈ വിലക്കുറവിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. വിപണിയിൽ 115 രൂപ വരെ ഈടാക്കുന്നുണ്ട്. ഇടനിലക്കാരാണ് ഇതിന്റെ കൊള്ളലാഭം കൊയ്യുന്നത്. 70 രൂപ നിരക്കിൽ 140 രൂപയ്ക്ക് വാങ്ങുന്ന രണ്ടു കിലോഗ്രാം തൂക്കം വരുന്ന കോഴിയെ വിൽക്കുമ്പോൾ 230 രൂപയാണ് വ്യാപാരികൾ ഈടാക്കുന്നത്.

കേരളത്തിലെ ഫാമുകൾ ഇല്ലാതായാൽ പിന്നെ കോഴി വിപണിയിൽ തമിഴ്നാട് ലോബിയുടെ വിളയാട്ടമാവും. അവർ നിശ്ചയിക്കുന്ന വിലയ്ക്ക് കോഴിയെ വിൽക്കേണ്ടുന്ന സ്ഥിതിയുണ്ടാകും. ഇത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കും.

കെ. സജീവൻ, കണ്ണൂർ ജില്ലാ സെക്രട്ടറി,​

പൗൾട്രി ഫാം അസോസിയേഷൻ