പാപ്പിനിശ്ശേരി: ദേശീയപാതയിലെ വളപട്ടണം പാലത്തിൽ ലോറി നിയന്ത്രണം വിട്ടു കൈവരിയും തകർത്ത് നടപ്പാതയിലൂടെ മുന്നോട്ട് കയറി. നടപ്പാതയിലൂടെ 50 മീറ്ററോളം മുന്നോട്ട് ഓടിയതിന് ശേഷമാണ് ലോറി നിന്നത്. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൈവരി തകർത്ത ലോറി പെട്ടെന്ന് വെട്ടിച്ചില്ലായിരുന്നെങ്കിൽ ഡ്രൈവറടക്കം ലോറി വളപട്ടണം പുഴയിലേക്ക് പതിക്കുമായിരുന്നു.
ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. മീൻ പിടിക്കുന്നവരടക്കം നിരവധി പേർ സാധാരണ ആ സമയങ്ങളിൽ പാലത്തിന്റെ നടപ്പാതയിൽ ഉണ്ടാകാറുണ്ട്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം ആൾക്കാർ പുറത്തിറങ്ങുന്നത് കുറവായതിനാൽ പാലത്തിലും ആളുകൾ ഇല്ലാതിരുന്നതും വലിയ രക്ഷയായി. പാലത്തിന്റെ അരികിലുള്ള തെരുവ് വിളക്കിന്റെ പോസ്റ്റും തകർത്തു. വളപട്ടണം പൊലീസ് സ്ഥലത്തെത്തിയാണ് ലോറി പാലത്തിൽ നിന്നും മാറ്റിയത്.
അപകടത്തിൽ പൊലീസ് കേസെടുത്തു. ലോറിയിൽ ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തൊടുപുഴയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്നു ലോറി. തൊടുപുഴ സ്വദേശി പി.കെ. ജോമോനാണ് (40) ലോറി ഓടിച്ചത്. ഒപ്പമുണ്ടായത് കുമാരമംഗലം സ്വദേശി ലിബി (35) നും. അപകടത്തിൽ ജോമോന് മുഖത്ത് നിസ്സാര പരിക്കേറ്റു.