
കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജയിൽപ്പുള്ളികളെ വീഡിയോ കോൺഫ്രൻസ് വഴി ഹാജരാക്കും. തടവുകാരെ അവരുടെ സന്ദർശകർകരുമായി ഫോൺ, വീഡിയോ കോൾ, വീഡിയോ കോൺഫറൻസ് എന്നിവ വഴി ബന്ധപെടാൻ അനുവദിക്കണം. ജയിലിൽ നേരിട്ടുള്ള സന്ദർശനം നിരുത്സാഹപ്പെടുത്തണം. ജയിലിനുള്ളിൽ വാക്സിനഷേൻ ക്യാമ്പ് സംഘടിപ്പിക്കണം. തടവുകാർ കൂട്ടം കൂടാനുള്ള അവസരം ഒഴിവാക്കണമെന്നും ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഉത്തരവിൽ പറയുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ 180 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ജയിലിൽ ചപ്പാത്തി യൂണിറ്റും തടവുകാർ നടത്തുന്ന പെട്രോൾ പമ്പും അടച്ചു. ജയിൽ ജീവനക്കാരും മുൻകരുതലുകൾ സ്വീകരിക്കണം. പോസിറ്റീവാകുന്നവരെയും സമ്പർക്ക പട്ടികയിലുള്ളവരെയും ജയിലിനുള്ളിലെ പ്രത്യേക ബ്ളോക്കിൽ പാർപ്പിക്കണം. പോസിറ്റീവായ രോഗികളിൽ ഗുരുതര ലക്ഷണം കാണുന്നവരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാററുന്നതിനുള്ള സജ്ജീകരണങ്ങൾ മുൻകൂറായി നടത്തണം. പുതിയ തടവുകാരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കണം .പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, മറ്റു രോഗങ്ങൾ എന്നിവയുള്ളവർക്ക് കൃത്യമായ ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തി ചികിത്സ ഉറപ്പാക്കണം. 60 വയസ്സിനുമുകളിലുള്ളവരെ പ്രത്യേക ബ്ലോക്കിൽ പാർപ്പിക്കണം. ഇത്തരം തടവുകാരിൽ നിശ്ചിത ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തണം. എല്ലാ തടവുകാർക്കിടയിലും കൊവിഡ് ടെസ്റ്റ് നടത്തണം. ജയിലിലെ എല്ലാ വാർഡുകളിലും പൊയുവായ ഇടങ്ങളിലും ദിവസവും അണുനശീകരണം, ശുചീകരണം എന്നിവ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.