court

കണ്ണൂർ: പയ്യന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ നാവിക അക്കാഡമിയിലെ ക്യാപ്ടനെ കോർട്ട് മാർഷലിന് വിധേയനാക്കി. പ്രതിരോധ സേനാംഗങ്ങൾ കുറ്റകൃത്യത്തിൽ പെട്ടാൽ നീതിനടപ്പാക്കാനുള്ള പ്രത്യേക കുറ്റവിചാരണരീതിയായ കോർട്ട് മാർഷലിന് ഏഴിമല നാവിക അക്കാഡമിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ക്യാപ്ടൻ കെ.പി.സി റെഡ്ഡിയാണ് വിധേയനായത്.

2020 ജനുവരി 12ന് രാത്രി 7.45ന് പയ്യന്നൂർ പുഞ്ചക്കാട്ടായിരുന്നു കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചത്. കുന്നരു സ്വദേശിയും പുഞ്ചക്കാട് വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ ഭഗവതി പറമ്പിൽ ഭുവനചന്ദ്രനാണ് (54) അപകടത്തിൽ മരിച്ചത്. ഭുവനചന്ദ്രൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ പയ്യന്നൂർ ഭാഗത്തുനിന്ന് നേവിയിലേക്ക് പോകുകയായിരുന്ന ക്യാപ്ടന്റെ ബെൻസ് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭുവനചന്ദ്രൻ 13ന് പുലർച്ചെ മരിച്ചു. അപകടത്തിൽ നേവി ക്യാപ്ടനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിരോധ വകുപ്പിലെ സേനാംഗങ്ങൾ കുറ്റകൃത്യത്തിലുൾപ്പെട്ടാൽ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനായാണ് കോർട്ട് മാർഷൽ നടക്കുന്നത്. നാട്ടുകാരായ സാക്ഷികളിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. സൈനിക കോടതി ഇനി ശിക്ഷവിധിക്കും.