പയ്യന്നൂർ: മകന്റെ ഭാര്യയുമായി മദ്ധ്യവയസ്‌ക്കന്റെ ഒളിച്ചോട്ടം പൊലീസിനെ വട്ടം കറക്കി. വെള്ളരിക്കുണ്ട് കൊന്നക്കാട്ടെ 61കാരനും മകന്റെ ഭാര്യയായ 33 കാരിയുമാണ് പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്. യുവതിയുടെ ഇളയകുട്ടി ഏഴുവയസുകാരനെയും ഇവർ കൊണ്ടുപോയി. മൂത്തകുട്ടിയായ പത്തു വയസുകാരിയെ ആംബുലൻസ് ഡ്രൈവറായ ഭർത്താവിനൊപ്പം വിട്ടശേഷമാണ് വീട്ടുകാരറിയാതെ ഇരുവരും മുങ്ങിയത്.

61കാരന്റെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബെൽ ടവർ ലൊക്കേഷൻ പയ്യന്നൂരിൽ കണ്ടെത്തി. തുടർന്ന് വെള്ളരിക്കുണ്ട് പ്രിൻസിപ്പൽ എസ്.ഐ പി. ബാബുമോൻ പയ്യന്നൂർ പൊലീസിന്റെ സഹായം തേടി. ലോഡ്ജുകളിൽ പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. പൊലീസ് ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട എരുമേലി സ്വദേശിനിയായ യുവതി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുമായി പ്രണയത്തിലായി വിവാഹം ചെയ്യുകയായിരുന്നു.

രണ്ടു മക്കളുമായി ഭർത്താവിനൊപ്പം കഴിയുന്നതിനിടെയാണ് ഭർത്തൃപിതാവുമായി മുങ്ങിയത്. ഭാര്യയ്ക്ക് പിതാവുമായുള്ള അടുപ്പമറിഞ്ഞ് ഭർത്താവ് യുവതിയെ നാട്ടിലേക്ക് അയച്ചെങ്കിലും പിന്നാലെ വാഹനം വിട്ട് പിതാവ് മരുമകളെ തിരിച്ചെത്തിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരും മുങ്ങിയത്.