കണ്ണൂർ: സന്ധിരോഗങ്ങളുടെ ചികിത്സയിൽ വൻമാറ്റത്തിന് കളമൊരുക്കിക്കൊണ്ട് ആർത്രോസ്‌കോപ്പിയുടെ നൂതന പരിവർത്തനമായ നാനോസ്‌കോപ് ചികിത്സ കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ചു. കേരളത്തിൽ ആദ്യമായാണ് നാനോസ്‌കോപ് നിർവ്വഹിക്കുന്നത് എന്ന സവിശേഷത കൂടി ഇതിനുണ്ട്.
സന്ധികളെ ബാധിക്കുന്ന രോഗങ്ങൾക്ക് പൊതുവെ സ്വീകരിക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയാ രീതിയാണ് ആർത്രോസ്‌കോപ്പി. എന്നാൽ ഈ രീതിയിൽ തന്നെ സംഭവിച്ചിരിക്കുന്ന സാങ്കേതികമായ വലിയ പുരോഗതിയുടെ ഭാഗമായാണ് നാനോസ്‌കോപ്പ് എന്ന പുതിയ ചികിത്സാ സംവിധാനം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. താക്കോൽദ്വാരം എന്ന കാഴ്ചപ്പാടിൽ നിന്ന് മാറി 'സൂചിമുനമ്പ്" എന്ന കാഴ്ചപ്പാടിലേക്കുള്ള മാറ്റമാണ് നാനോസ്‌കോപ്പിലൂടെ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
അതിശക്തമായ മുട്ട് വേദനമൂലം ചികിത്സ തേടിയെത്തിയ 39 വയസുകാരനിലാണ് കണ്ണൂർ ആസ്റ്റർ മിംസിലെ സീനിയർ കൺസൽട്ടന്റ് ആൻഡ് ആർത്രോസ്‌കോപ്പിക് സർജൻ ഡോ. ശ്രീഹരിയും ടീമും കേരളത്തിലെ ആദ്യ നാനോസ്‌കോപ്പിന് നേതൃത്വം വഹിച്ചത്. സൂചിമുമ്പിന് തുല്യമായ വലുപ്പം മാത്രമുള്ള ദ്വാരം സൃഷ്ടിച്ചശേഷം അതിലൂടെ പ്രവേശിപ്പിക്കുവാൻ സാധ്യമായ വളരെ നേർത്ത ഉപകരണങ്ങൾ കടത്തിവിട്ടാണ് ചികിത്സ പൂർത്തീകരിച്ചത്. വളരെ നേർത്ത ദ്വാരം മാത്രമായതിനാൽ കൈക്കുഴ, കാൽമുട്ട, കാൽപാദം, കാൽകുഴ തുടങ്ങിയവ ഉൾപ്പെടെയുള്ള സന്ധികളിലെ എത്ര സങ്കീർണ്ണമായ ചികിത്സകളും പൂർത്തിയാക്കാൻ സാധിക്കും.