പാനൂർ: എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികൾ പിടികൂടി.
പൂക്കോത്തെ മംഗലാട്ട് വീട്ടിൽ എം. അരവിന്ദാക്ഷനെ (43) അറസ്റ്റു ചെയ്തു കേസെടുത്തു. വീടിന് പിറകിൽ 10 മീറ്റർ മാറി പച്ചക്കറി തോട്ടത്തിന്റെ നടുവിലാണിയാൾ കഞ്ചാവ് തോട്ടം പരിപാലിച്ചു പോന്നത്. 6 സെന്റിമീറ്റർ മുതൽ 3 മീറ്റർ വരയുള്ള ചെറുതും വലുതുമായ 71 ചെടികളാണ് പിടികൂടിയത്. രണ്ട് ആഴ്ച മുതൽ 6 മാസം വരെയുള്ള ചെടികളാണ് ഉണ്ടായിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് കച്ചവടക്കാരെക്കുറിച്ചുള്ള സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. എക്സൈസ് പ്രിവന്റീവ് ഓഫീസർ സുധീർ വാഴവളപ്പിൽ, സിവിൽ ഓഫീസർമാരായ ജലീഷ് പി, വി.എം വിനേഷ്, പി.ടി സജിത്ത്, കെ. സജേഷ് എം. ഷംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. നർക്കോട്ടിക് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.