കാഞ്ഞങ്ങാട്: കൊവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ ഹോട്ടൽ വ്യവസായ രംഗത്ത് കടുത്ത പ്രതിസന്ധി. ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും ആളുകളെ കുറയ്ക്കാൻ നിർദ്ദേശമുണ്ടായിട്ടുണ്ട്. എന്നാൽ ഇതിന് മുമ്പ് തന്നെ ഉപഭോക്താക്കൾ വളരെയധികം കുറഞ്ഞിരിക്കുകയാണ്. സമയ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഏറേക്കാലം അടച്ചിട്ട ശേഷം വളരെ വൈകിയാണ് പല ഹോട്ടലുകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയത്. കട നവീകരിക്കാനും മറ്റുമായി നല്ലൊരു തുക ചെലവായി. പതിയെ പച്ചപിടിച്ചുവരുന്നതിനിടെയാണ് വീണ്ടും കൊവിഡ് വ്യാപനമുണ്ടായത്. ഇതോടെ ഹോട്ടലുകളിൽ എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞതായി ഹോട്ടൽ ഉടമകൾ പറയുന്നു. മിക്ക ഹോട്ടലുകളിലും ഭക്ഷണം പാഴായിപ്പോകുന്ന സാഹചര്യമുണ്ട്.

നോമ്പുകാലം ആയതുകൊണ്ടുതന്നെ മിക്ക ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഭക്ഷണത്തിനായി യാത്രക്കാരും മറ്റും ആശ്രയിച്ചിരുന്ന ഹോട്ടലുകളിൽ പലതും വരും ദിവസങ്ങളിൽ അടയ്ക്കാനൊരുങ്ങുകയാണ്.

ഭക്ഷണം പാഴാകുന്നു

വൈകീട്ട് 7:30 മണി വരെ 50 ശതമാനം ആളുകൾക്ക് മാത്രമേ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുള്ളൂ. 7:30 മുതൽ ഒൻപത് മണി വരെ പാഴ്സലുകൾ മാത്രമേ അനുവദിക്കൂ. പക്ഷേ, ആളുകൾ എത്താത്തതിനാൽ തയാറാക്കിവച്ച ഭക്ഷണം പാഴാവുന്ന സ്ഥിതിയാണ്.

മുന്നിൽ അടച്ചുപൂട്ടൽ

നേരത്തെയുള്ള ലോക്ക് ഡൗണിന് ശേഷം ചില ഹോട്ടലുകളെല്ലാം പൂട്ടിപ്പോയിരുന്നു. മറ്റുചില ഹോട്ടലുകൾ അടച്ചിടലിന്റെ വക്കിലുമാണ്. കച്ചവടം കുറഞ്ഞതിനാൽ വാടകയും മറ്റു ചെലവുകളും ഉടമകൾക്ക് വലിയ ബാദ്ധ്യതയാവുകയാണ്.