തളിപ്പറമ്പ്: നമ്പർ തിരുത്തി ലോട്ടറി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. കുപ്പം പാലത്തിന് സമീപം ഇളനീർ കച്ചവടത്തോടൊപ്പം ലോട്ടറി വില്‍പ്പന നടത്തുന്ന പറശിനിക്കടവ് മമ്പാലയിലെ സോമൻ (60) ആണ് തട്ടിപ്പിനിരയായത്. തിങ്കളാഴ്ച വൈകിട്ട് ബൈക്കിലെത്തിയ ഒരാൾ തന്റെ കൈയിലുള്ള ടിക്കറ്റിന് 5000 രൂപ സമ്മാനം ലഭിച്ചതായി അറിയിച്ച് ടിക്കറ്റ് സോമന് നല്‍കി. പരിശോധിച്ച് 1000 രൂപയുടെ പുതിയ ടിക്കറ്റ് എടുത്ത് ബാക്കി 4000 രൂപ വാങ്ങി സന്തോഷപൂർവ്വം 200 രൂപ കൂടി സോമന് നല്‍കിയിരുന്നു. പിന്നീട് ഏജൻസിയിലെത്തി ടിക്കറ്റ് നല്‍കിയപ്പോഴാണ് തട്ടിപ്പിനിരയായത് മനസിലാകുന്നത്. അവസാനത്തെ മൂന്ന് എന്ന നമ്പർ എട്ട് ആക്കിയാണ് തട്ടിപ്പ് നടത്തിയത്.