തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായി ഒരുക്കിയ തടിയൻ കൊവ്വൽ ഗവ. പോളിടെക്നിക് കോളേജിൽ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരക്കുകൾ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഈ കോളേജ് കൗണ്ടിംഗ് സ്റ്റേഷനായി മാറിയത്. പടന്നക്കാട് നെഹ്റു കോളേജിലായിരുന്നു മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവുമൊക്കെ ഉണ്ടായിരുന്നത്.
തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂർ, കയ്യൂർ - ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലേയും നീലേശ്വരം നഗരസഭയിലെയും 307 ബൂത്തുകളിലെ വോട്ടുകളാണ് ഇവിടെ നിന്നും എണ്ണുക. ആകെ 20 മേശമേലായിട്ടാണ് വോട്ടെണ്ണൽ നടക്കുക. ഒരു മുറിയിൽ 5 മേശ എന്ന കണക്കിൽ 4 മുറികളിലായാണ് വോട്ടെണ്ണൽ നടക്കുക. ഒരു ടേബിളിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ മൂന്നു ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. പോസ്റ്റൽ ബാലറ്റുകൾ എണ്ണാനായി 18 ടേബിളുകളിലായുള്ള പ്രത്യേക സംവിധാനവും ഉണ്ടായിരിക്കും.
രാവിലെ 8 മുതൽ കൗണ്ടിംഗ് സ്റ്റേഷൻ പ്രവർത്തനക്ഷമമാകും. മണ്ഡലത്തിലെ പോളിംഗ് നിയന്ത്രിച്ച റിട്ടേണിംഗ് ഓഫീസറായിരുന്ന ഫിറോഷ് പി. ജോൺ, ജില്ലാ ഓഫീസർ ദത്തൻ, വെള്ളരിക്കുണ്ട് തഹസിൽദാർ ടി. കുഞ്ഞിക്കണ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൗണ്ടിംഗും നടക്കുക. ഈ മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളും ഈ പോളിടെക്നിൽ നിന്നു തന്നെയാണ് വിതരണവും ചെയ്തിരുന്നത്. 1228 പോളിംഗ് ഉദ്യോഗസ്ഥരാണ് അന്ന് ഇവിടെ എത്തിച്ചേർന്നത്. പതിവിന് വ്യത്യസ്തമായി കൗണ്ടിംഗ് സ്റ്റേഷനിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കും. വോട്ടെണ്ണലിനായുള്ള ഉദ്യോഗസ്ഥരും പൊലീസ്, മാദ്ധ്യമപ്രവർത്തകർ, സ്ഥാനാർത്ഥികളുടെ ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് പ്രവേശനം. രണ്ടു തവണ കൊവിഡ് വാക്സിനേഷൻ ചെയ്യാത്തവർക്കോ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവരെയോ കൗണ്ടിംഗ് സ്റ്റേഷനിൽ പ്രവേശിപ്പിക്കയില്ല. അതുപോലെ ഈ സ്റ്റേഷന് പുറത്ത് കൂട്ടം കൂടി നിൽക്കുന്നതും അനുവദിക്കുകയില്ലെന്നാണ് പൊലീസിൽ നിന്ന് കിട്ടിയ വിവരം.