മാഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുതുച്ചേരി ലഫ്: ഗവർണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന പുതുച്ചേരി സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ഉന്നത തല യോഗ തീരുമാനപ്രകാരം മാഹിയിലും കർശന നിയന്ത്രണങ്ങളോടെ ലോക് ഡൗൺ പ്രാബല്യത്തിൽ വന്നതായി മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവ് രാജ് മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കടകൾ/ വാണിജ്യ സ്ഥാപനങ്ങൾ/ ഒത്തുചേരലുകൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ
ഏർപ്പെടുത്തും.
30 അർദ്ധരാത്രി വരെയാണ് ലോക് ഡൗൺ നിയന്ത്രണം. നൈറ്റ് കർഫ്യൂ എല്ലാ ദിവസവും രാത്രി 10 മണി മുതൽ രാവിലെ 5 വരെ. പ്രൊവിഷൻ സ്റ്റോറുകൾ, വെജിറ്റബിൾ ഷോപ്പുകൾ, ഹോട്ടലുകൾ, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ വിതരണം എന്നിവ അനുവദനീയമാണ്. ഈ കടകളുടെ പ്രവർത്തന സമയം രാവിലെ 6 മുതൽ വൈകുന്നേരം 7 മണി വരെ. മറ്റെല്ലാ കടകളും 30 ന് അർദ്ധരാത്രി വരെ അടഞ്ഞുകിടക്കും. ഹോം ഡെലിവറി വഴി ഭക്ഷണങ്ങൾ വിതരണം ചെയ്യാം. ഭക്ഷണശാലകളിൽ പാർസൽ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും അതിഥികൾക്ക് അവരുടെ മുറികളിൽ മാത്രം ഭക്ഷണം നൽകാം.
ചരക്ക് ഗതാഗതം, പൊതു യാത്രാ ഗതാഗതം, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ അനുവദിക്കും. യാത്രക്കാരെ ഇരിക്കാനുള്ള ശേഷിയിൽ മാത്രം പരിമിതപ്പെടുത്തും. ഡ്രൈവർ ഒഴികെയുള്ള മൂന്ന് യാത്രക്കാരുമായി വാടക വാഹനങ്ങൾക്കും ക്യാബ് അഗ്രിഗേഷൻ ഉൾപ്പെടെയുള്ള ടാക്സികൾക്കും പോകാൻ അനുവാദമുണ്ട്. ഡ്രൈവർ ഒഴികെയുള്ള രണ്ട് യാത്രക്കാരുമായി ഓടിക്കാൻ ഓട്ടോകൾ അനുവദിക്കും.
എല്ലാ ആരാധനാലയങ്ങളും പൊതു ആരാധനയ്ക്കായി തുറക്കാൻ പാടുള്ളതല്ല. എന്നിരുന്നാലും, അവശ്യ പൂജകൾ / പ്രാർത്ഥനകൾ / ആചാരങ്ങൾ എന്നിവ നടത്താം. വിവാഹം/ വിവാഹ നിശ്ചയം എന്നീ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20ൽ കവിയരുത്. വിവാഹത്തിന് മുൻപോ പിൻപോ റിസപ്ഷൻ നടത്താൻ അനുമതി ഇല്ല. വിവാഹത്തിൽ പങ്കെടുക്കുന്നവർ ഏതെങ്കിലും ഒരു കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം. ശവസംസ്‌കാരം /മരണാനന്തര കർമങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ൽ കവിയരുത്. വ്യാവസായിക ഉൽപാദനം / വ്യവസായങ്ങൾ അനുവദിക്കും. പെട്രോൾ ബങ്കുകൾ, ബാങ്ക്, ഇൻഷുറൻസ് ഓഫീസുകൾ, എ.ടി.എമ്മുകൾ തുടങ്ങിയവ അനുവദിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലും ശേഷവും ആഹ്ലാദ പ്രകടനം അനുവദിക്കില്ല.